 
കൊടുങ്ങല്ലൂർ : ബൈപാസിലെ സി.എ. ഓഫീസ് നിഗ്‌നൽ ജംഗ്ഷൻ അടച്ചുകെട്ടാനുള്ള നീക്കത്തിനെതിരെ നടന്ന ഹർത്താൽ ദേശീയപാത അധികൃതർക്ക് ശക്തമായ താക്കീതായി. എലിവേറ്റഡ് ഹൈവേ കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും പിന്തുണ നൽകിയിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും തുറന്നുപ്രവർത്തിച്ചു.
രാവിലെ ഹർത്താലിനോട് അനുബന്ധിച്ച് നഗരത്തിൽ കൂറ്റൻ പ്രകടനം നടന്നു. വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ പ്രകടത്തിൽ അണിനിരന്നത് അധികൃതർക്ക് ശക്തമായ താക്കീതായി മാറി. ചന്തപ്പുരയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ലോകമലേശ്വരം വില്ലേജ് ഓഫീസിന് സമീപം സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കെ.ആർ. ജൈത്രൻ, പി.യു. സുരേഷ് കുമാർ, പരമേശ്വരൻകുട്ടി, വേണു വെണ്ണറ, ടി.പി. അരുൺമേനോൻ, യൂസഫ് പടയത്ത്, കെ.ആർ. വിദ്യാസാഗർ, സി.സി. വിപിൻ ചന്ദ്രൻ, ടി.പി. പ്രഭേഷ് തുടങ്ങിയവർ സംസാരിച്ചു.