
ചേലക്കര: പാലക്കാട് കോൺഗ്രസിലെ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചേലക്കരയിൽ സി.പി.എമ്മിന് ഉത്കണ്ഠപ്പെടേണ്ട യാതൊരു പ്രശ്‌നവുമില്ല. പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥി പി.സരിൻ വിജയിക്കും. രാജി വച്ച അബ്ദുൾ ഷുക്കൂർ പാർട്ടിയിൽ നിന്ന് പോകില്ല. പാലക്കാട് കൺവെൻഷനിൽ അദ്ദേഹം കൂടെയുണ്ടാകും.
പി.സരിൻ ഇപ്പോൾ എടുക്കുന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമാണോയെന്ന് മാത്രമാണ് നോക്കുന്നത്. ഭൂതകാലം പരിഗണിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ച ആളുകളുമായി മുൻപും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി. പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വിധി വന്ന ശേഷം കൂടുതൽ പ്രതികരിക്കാം. തൃശൂരിൽ കോൺഗ്രസാണ് ബി.ജെ.പിയെ ജയിപ്പിച്ചത്. പി.വി.അൻവർ വിഷയം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ഒരിടത്തും ബാധിക്കില്ല. തോമസ് കെ.തോമസ് വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഗവർണർ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യാതൊരു ജനാധിപത്യ രീതിയും പരിഗണിക്കാതെയാണ്. ഗവർണറുടെ ജനാധിപത്യ വിരുദ്ധമായ നിയമനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.