ചേലക്കര : പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷനുമായി മണ്ഡലത്തിലെത്തിയതോടെ എൽ.ഡി.എഫ് ക്യാമ്പിലെ നീക്കങ്ങൾക്ക് ചടുലവേഗം. പി.വി.അൻവർ ഉയർത്തിവിട്ട ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയുണ്ടായ മലപ്പുറം പരാമർശങ്ങൾക്കും മുഖ്യമന്ത്രി യോഗത്തിൽ മറുപടി പറഞ്ഞു. പരാമർശങ്ങൾ വർഗ്ഗീയ ചേരിതിരിവിന് സംഘപരിവാർ അവസരമാക്കുന്നുവെന്നും കോൺഗ്രസ് കൂട്ടുനിൽക്കുന്നുവെന്നും കുറ്റപ്പെടുത്തി. വയനാട് പുനരധിവാസത്തിന് പണമനുവദിക്കാത്തതിന് കേന്ദ്രത്തെയും വിമർശിച്ചു. ഒന്നര മണിക്കൂറിലേറെ നേരം മുഖ്യമന്ത്രി പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കൺവെൻഷൻ മുന്നണി നേതാക്കളുടെ സംഗമമായി. നൂറുകണക്കിന് പേർ പങ്കെടുത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നേതാക്കളായ എ.വിജയരാഘവൻ, കെ.രാധാകൃഷ്ണൻ എം.പി, ടി.എം.തോമസ് ഐസക്ക്, സി.എസ്.സുജാത, പി.കെ.ബിജു, എം.എം.വർഗീസ്, മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പിള്ളി, ഡോ.ആർ.ബിന്ദു, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുൾ റഹ്മാൻ, ഘടകകക്ഷി നേതാക്കളായ കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, ഡോ.എൻ.ജയരാജ്, പി.സി.ചാക്കോ, പോൾസൺ മാത്യു, കാസിം ഇരിക്കൂർ, യൂജിൻ മോറേലി, പ്രൊ:ഷാജി, ഗോപിനാഥൻ താറ്റാത്ത്, കെ.വി.അബ്ദുൾ ഖാദർ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സി.ആർ.വത്സൻ, അഡ്വ.സി.ടി.ജോഫി എന്നിവർ സന്നിഹിതരായി.
ഉന്നതികൾ സന്ദർശിച്ച് രമ്യ ഹരിദാസ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും നിരവധി തവണ വന്നുപോയതോടെ, യു.ഡി.എഫ് ക്യാമ്പും ആവേശകരമായ പ്രചാരണത്തിലാണ്. ഉന്നതികൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് രമ്യ ഹരിദാസ്. ചേലക്കര മേപ്പാടം, മനക്കത്തൊടി, ആലയ്ക്കൽ, പട്ടാണി, ചേലക്കോട്, സൂപ്പിപ്പടി, തോന്നൂർക്കര, പാറപ്പുറം, കുറ്റിക്കാട്, രാമൻകണ്ടത്ത് ഉന്നതികളിലും പര്യടനം നടത്തി. ഇന്നലെ കോണ്ടാഴി പ്ലാന്റേഷൻ തൊഴിലാളികളെ സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴിന് പാറപ്പുറം സെന്ററിൽ നിന്നാണ് പര്യടനം ആരംഭിക്കുക. തുടർന്ന് നടുവട്ടം, പാലയ്ക്കൽ സെന്റർ, വരവൂർ സ്‌കൂൾ, മുള്ളൂർക്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പര്യടനം നടത്തും. രാത്രി പത്തിന് കാഞ്ഞിരംകുഴിയിലാണ് സമാപനം.
റോഡ് ഷോയുമായി ബാലകൃഷ്ണൻ
വോട്ടർമാരെ കാണുന്നതിനൊപ്പം റോഡ് ഷോയുമായി എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ. ഇന്നലെ രാവിലെ മണലാടി മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു തുടക്കംകുറിച്ചത്. തുടർന്ന് ആറ്റൂർ കമ്പനിപ്പടി, മണ്ഡലംകുന്ന്, കൊല്ലംമാക്ക്, മുള്ളൂർക്കര പാടവരമ്പ്, സ്റ്റാർ പരിസരം, കണ്ണമ്പാറ, എസ്.എൻ നഗർ, കാഞ്ഞിരശേരി, ചെമ്പൻപടി ക്ഷേത്രം, ഇരുന്നിലംകോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് ആറ്റൂർ സെന്ററിൽ നിന്നാംഭിച്ച റോഡ് ഷോയിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മണലാടി സെന്റ് ജോസഫ് പള്ളി വികാരിയെ സന്ദർശിച്ചു. വരവൂർ പഞ്ചായത്ത് കൺവെൻഷനിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി പ്രസംഗിച്ചു.
പെൻഷൻകാരെയും ജീവനക്കാരെയും ഇതുപോലെ വഞ്ചിച്ച ഒരു സർക്കാർ മുൻപ് ഉണ്ടായിട്ടില്ല. പെൻഷൻ പരിഷ്കരണം ആനുകൂല്യം തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിച്ച പിണറായി സർക്കാരിനെ ഈ ഉപതിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകും
എം.ലിജു
കെ.പി.സി.സി സംഘടനാ സെക്രട്ടറി
സി.പി.എം - കോൺഗ്രസ് ഡീലിന്റെ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ ബി.ജെ.പി ഭരണ സമിതിയെ അട്ടിമറിക്കാൻ ഇരുപാർട്ടികളും കൈകോർത്തത്. ആ ഡീൽ നിയമസഭയിൽ ആവർത്തിക്കാനുള്ള ശ്രമമാണ് ഈ ഉപതിരഞ്ഞെടുപ്പിലും നടക്കുന്നത്.
എ.പി.അബ്ദുള്ളക്കുട്ടി
ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്
അന്ധമായ ഇടതുപക്ഷ വിരോധം മൂത്ത് യു.ഡി.എഫും ബി.ജെ.പിയും ഒന്നായിരിക്കുകയാണ്. രണ്ടാണെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി ജയിച്ചത് ഇതിന്റെ തെളിവാണ്. രാജ്യത്ത് മതേതരത്വം, ജനാധിപത്യം, പൗരാവകാശം എല്ലാം ഇല്ലാതാവുന്നു. ഇതിനെതിരെ ജനകീയ സമരം ഉയരണം.
ബിനോയ് വിശ്വം
സംസ്ഥാന സെക്രട്ടറി
സി.പി.ഐ
ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി ചരിത്രവിജയം ആവർത്തിക്കണം. കേരളം ചർച്ച ചെയ്യുന്ന പ്രധാന തിരഞ്ഞെടുപ്പാണിത്. എൽ.ഡി.എഫ് ഉയർത്തിപ്പിടിക്കുന്ന മതേതര ആശയങ്ങളും വികസന കാഴ്ചപ്പാടുകളും എല്ലാ വോട്ടർമാരിലും എത്തിക്കണം.ടി.പി. രാമകൃഷ്ണൻ
എൽ.ഡി.എഫ് സംസ്ഥാന കൺവീനർ
പാവപ്പെട്ടവരുടെ ക്ഷേമം പ്രസംഗിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്യുന്ന കപട മുഖമുള്ളവരായി സി.പി.എം മാറി. എസ്.സി വിഭാഗത്തിൽ നിന്ന് ആരുമില്ലാത്ത മന്ത്രിസഭയാണ് പിണറായി വിജയന്റേത്. വയനാട് ദുരന്തമുണ്ടായപ്പോൾ രൂപീകരിച്ച ഉപസമിതിയിൽ നിന്ന് ജില്ലയിലെ മന്ത്രിയായ കേളുവിനെ മാറ്റിനിറുത്തിയത് എന്തിനാണ്. മരുമകന് കൈയിട്ട് വാരാൻ അവസരമുണ്ടാക്കുകയാണ് പിണറായി.
പി.വി.അൻവർ എം.എൽ.എ
(എൻ.കെ.സുധീറിന്റെ നാമനിർദ്ദേശ സമർപ്പണശേഷം പറഞ്ഞത്)