2

കുന്നംകുളം: രണ്ടരക്കിലോ കഞ്ചാവുമായി ചൂണ്ടൽ സ്വദേശിയും പോക്‌സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ യുവാവിനെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൂണ്ടൽ തായങ്കാവ് സ്വദേശി ചൂണ്ടപുരക്കൽ വീട്ടിൽ മനോജിനെയാണ് (48) കുന്നംകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ പ്രതി വാടകയ്ക്ക് താമസിക്കുന്ന പുതുശ്ശേരി കുറനെല്ലിപറമ്പിലെ വാടകവീട്ടിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 2.250 കിലോ കഞ്ചാവും തുടർന്ന് വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വധശ്രമം, അടിപിടി, പോക്‌സോ തുടങ്ങി നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റിലായതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.ആർ.രാജു, മോഹൻദാസ്, സിദ്ധാർത്ഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗണേശൻ പിള്ള, ആനന്ദ്, മനോജ്, ശ്രീരാഗ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.