ചേലക്കര: ലോകത്തിലെ വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാദ്ധ്യമ ശൃംഖല കേരളത്തിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർവതല സ്പർശിയായ എല്ലാ വികസനങ്ങൾക്കും തുരങ്കം വയ്ക്കാനായി കേന്ദ്ര സർക്കാരിനും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും ന്യൂനപക്ഷ വർഗീയതയ്ക്കും, ഭൂരിപക്ഷ വർഗീയതയ്ക്കുമെല്ലാം വളം വെച്ച് കൊടുക്കാൻ നേതൃത്വസ്ഥാനത്ത് മുന്നേറുന്നത് മാധ്യമ ശൃംഖലകളാണ്. ഏറ്റവും വലിയ വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും മാദ്ധ്യമങ്ങളാണ്. ഇവർ ഇടതുപക്ഷ സർക്കാരിനും നേതാക്കൾക്കുമെതിരെ കള്ള പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.