ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സർവേയ്ക്ക് എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. ക്ഷേത്രത്തിന്റെ നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കുന്നതിന് അതിർത്തി നിർണയിക്കാൻ ഡിജിറ്റൽ സർവേയ്ക്ക് എത്തിയ സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്. ഗുരുവായൂർ ദേവസ്വം തഹസിൽദാർ ടി. കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. വാർഡ് കൗൺസിലർ ശോഭാ ഹരിനാരായണന്റെ നേതൃത്വത്തിലാണ് ഭൂവുടമകളും വ്യാപാരികളും ചേർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്ഥലം നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്നും എന്നാൽ വ്യക്തമായ പുനരധിവാസ പാക്കേജ് തയ്യാറാക്കണമെന്നും നാട്ടുകാർ പറഞ്ഞു. ഇതിനായി ഭൂ ഉടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ചു ചേർക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എതിർപ്പ് ശക്തമായതോടെ സംഘം ക്ഷേത്രത്തിന്റെ അധീനതയിലുള്ള സ്ഥലം മാത്രം അളന്ന് തിട്ടപ്പെടുത്തി. സംഭവത്തെക്കുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ അറിയിച്ചു.