
തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയും പാലക്കാടുമെല്ലാം പൂരപ്രേമികളുടെ സ്വന്തം നാടാണ്. അടുത്ത കാലത്തായി നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പൂരം പ്രധാന ചർച്ചാ വിഷയമായി വരാറുമുണ്ട്. ഈ ഉപതിരഞ്ഞെടുപ്പിലും അതിൽ മാറ്റമില്ലെന്നാണ് ഇതുവരെയുള്ള സംഭവങ്ങൾ വ്യക്തമാകുന്നത്. തൃശൂർ പൂരത്തിന്റെ എഴുന്നെള്ളിപ്പും വെടിക്കെട്ടുമാണ് ഉപതിരഞ്ഞെടുപ്പിലും പ്രധാന ചർച്ചാവിഷയം. പൂരം വെടിക്കെട്ട് പ്രതിസന്ധിയ്ക്ക് വഴിവെച്ചേക്കുന്ന കേന്ദ്രസർക്കാറിന്റെ വിജ്ഞാപനമായിരുന്നു ആശങ്കകൾക്ക് ഒരു കാരണം.
ഈ വിജ്ഞാനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത ഫോറം കത്തു നൽകിയിരുന്നു. മാഗസിനും ഫയർലൈനും തമ്മിലുള്ള അകലം 45 മീറ്ററിൽ നിന്ന് 200 മീറ്ററാക്കുന്നത് അനാവശ്യമെന്നായിരുന്നു കത്തിൽ വ്യക്തമാക്കിയത്. നിലവിലുള്ള 45 മീറ്റർ അകലം തുടരണമെന്നും പാറമേക്കാവ് സെക്രട്ടറി ജി.രാജേഷും തിരുവമ്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാറും ഒപ്പുവച്ച കത്തിൽ ചൂണ്ടിക്കാട്ടി. വെടിക്കെട്ട് സ്ഥലത്തിനും കാണികൾക്കുമിടയിലെ അകലം നൂറുമീറ്റർ വേണമെന്ന നിർദ്ദേശം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പൂരത്തിൽ വെടിക്കെട്ട് തുടങ്ങുന്നത് മാലപ്പടക്കവും ചെറിയ അമിട്ടും പൊട്ടിച്ചാണ്. വലിയ അമിട്ടുകൾ പൊട്ടിക്കുന്നത് കലാശം നടക്കുന്നിടത്താണ്. ഫയർലൈനിന്റെ തുടക്കത്തിൽ 50 മീറ്റർ അകലവും കലാശസ്ഥലത്ത് 70 മീറ്റർ അകലവുമാണ് വേണ്ടത്. അസംബ്ലിംഗ് ഷെഡും ഫയർലൈനും തമ്മിൽ നൂറു മീറ്റർ അകലവും അനാവശ്യമാണ്. വെടിക്കെട്ട് നടക്കുമ്പോൾ ഷെഡ് ഒഴിഞ്ഞ നിലയിലാണ്. അതുകൊണ്ട് 15 മീറ്റർ അകലം ധാരാളം. വെടിക്കെട്ടുകാർക്ക് സുരക്ഷാവസ്ത്രങ്ങളും പ്രത്യേക ഗ്ലാസും ഇയർ ഡിഫൻഡറും വേണമെന്ന നിർദ്ദേശം മയപ്പെടുത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂർ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകർക്കാനുള്ള നീക്കമായേ ഇതിനെ കാണാനാകൂവെന്നും റവന്യൂമന്ത്രി കെ.രാജനും പ്രതികരിച്ചിരുന്നു.
ആവശ്യങ്ങൾ പലത്
ആശുപത്രികളുടെയും സ്‌കൂളുകളുടെയും 250 മീറ്റർ പരിധിയിൽ വെടിക്കെട്ട് നടത്തുമ്പോൾ അനുമതി വാങ്ങണമെന്ന നിബന്ധന തിരുത്തണമെന്നും പ്രവർത്തിക്കുന്ന സ്‌കൂളുകൾ എന്ന പരാമർശം മാറ്റണമെന്നും അടക്കം നിരവധി ആവശ്യങ്ങളാണ് ദേവസ്വങ്ങളും പൂരപ്രേമികളും ഉന്നയിക്കുന്നത്. വെടിക്കെട്ടിനുള്ള ഇരുമ്പു കുഴലുകൾക്കിടയിൽ പത്ത് മീറ്റർ അകലം ആവശ്യമില്ല. ശരിയായ അകലം പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നത്.
ഇരുമ്പുകുഴലൊഴികെ മറ്റ് ഇരുമ്പ്, സ്റ്റീൽ ഉപകരണങ്ങൾ പാടില്ലെന്നതും അപ്രായോഗികം പൂരം വെടിക്കെട്ടിൽ പേപ്പർ ട്യൂബുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് കുഴിയിൽ ഉറപ്പിച്ച് നിറുത്താൻ ഇരുമ്പുകമ്പികളും കൊളുത്തും ഉപയോഗിക്കുന്ന രീതി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതിയിൽ സംസ്ഥാനസർക്കാരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഭേദഗതി തൃശൂർപൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാനും മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്.
മറ്റൊരു വഴിയിൽ വിവാദം
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ റിപ്പോർട്ടാണ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സിംഗ് സാഹിബ് ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നാണ് പറയുന്നത്. എ.ഡി.ജി.പി പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ടെന്ന് പറയുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിൽ പ്രത്യേക ടീം തുടരന്വേഷണം നടത്തുകയാണ്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നതിനാൽ പൂരം പൂർണ്ണമായും ഉദ്യോഗസ്ഥരുടെ കെെകളിലായിരുന്നെന്ന പ്രത്യേകത ഇക്കഴിഞ്ഞ പൂരത്തിനുണ്ടായിരുന്നു. പൂരത്തിന്റെ അന്ന് പൊലീസ് തെക്കെ ഗോപുര വാതിലിലൂടെ ആനക്കാരെയും ദേവസ്വം ഭാരവാഹികളെയും കടത്തിവിട്ടില്ല എന്നതായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. വെടിക്കെട്ടിന്റെ പേരിൽ എഴുന്നെള്ളത്ത് വരുന്നതിനിടെ സ്വരാജ് റൗണ്ട് ബാരിക്കേഡ് വച്ച് കെട്ടിയടച്ചു. ജനങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്തു. പൂരം സംഘാടകരെ കൈയേറ്റം ചെയ്യുന്നത് അടക്കമുള്ള വീഡീയോ ദൃശ്യങ്ങളും പുറത്തുവന്നു. രാത്രി എഴുന്നെള്ളത്ത് തടസപ്പെട്ടതോടെ തിരുവമ്പാടി ദേവസ്വം പൂരം നിറുത്തിവയ്ക്കുകയായിരുന്നു. ഈ വിഷയമാണ് ഇപ്പോഴും കത്തിനിൽക്കുന്നത്.
എഴുന്നെളളിപ്പിനും പ്രശ്നം
ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. കടലിൽ ജീവിക്കുന്ന തിമിംഗിലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനേയും പിടിച്ചുകൊണ്ടു വരുമായിരുന്നെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.  ആന എഴുന്നള്ളിപ്പിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആനയെ എഴുന്നള്ളിക്കുന്നതിന് സമയനിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് എഴുന്നള്ളിക്കുന്നത്. ഇതിന് പുതിയ ചട്ടങ്ങൾ സംബന്ധിച്ച് ഉത്തരവിടും. എഴുന്നള്ളത്തിനുള്ള ആനകളുടെ എണ്ണം കുറയ്ക്കണം. ആന എഴുന്നള്ളത്തിന് ലക്ഷങ്ങൾ ചെലവിടുന്നവർ അതിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും കോടതി പറഞ്ഞു. കോടതിയുടെ ഇടപെടൽ കൂടി വന്നതോടെ പൂരം വിവാദം വീണ്ടും കത്തിക്കയറുകയാണ്.