തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ഒ.പിയിലേക്ക് എത്തുന്നത്ര രോഗികൾ നിത്യവും തൃശൂർ ജനറൽ ആശുപതിയിലും എത്താറുണ്ട്, എന്നാൽ സൗകര്യങ്ങളോ പരിമിതം. വികസനത്തിനായി കിഫ്ബി ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് പറയുമ്പോഴും യാതൊന്നും നടക്കുന്നില്ല. ആംബുലൻസ്, ലിഫ്ട്, സുരക്ഷാ ക്യാമറ, അഞ്ച് ഡയാലിസിസ് യൂണിറ്റ് എന്നിവയ്ക്കായി പി. ബാലചന്ദ്രൻ എം.എൽ.എ രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമ്മാണം പൂർത്തിയാകാതെ ഒന്നും നടക്കില്ലെന്നാണ് വിവരം.
അനങ്ങാതെ അമ്മയും കുഞ്ഞും ബ്ലോക്ക്
പത്തുവർഷം മുൻപ് ആരംഭിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമ്മാണം ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. ജനറൽ ആശുപത്രിയോട് ചേർന്ന് സെന്റ് തോമസ് കോളേജ് റോഡിലാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടനിർമ്മാണം ഇനിയും ബാക്കിയുണ്ട്. കൂടാതെ വൈദ്യുതീകരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടി ഏർപ്പെടുത്തിയാൽ മാത്രമേ അമ്മയും കുഞ്ഞും ആശുപത്രി ഇവിടേക്ക് മാറ്റാനാകൂ. ഓപ്പറേഷൻ തിയ്യറ്റർ ഉൾപ്പെടെ സജ്ജമാക്കണമെങ്കിൽ മാസങ്ങളെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ കടമ്പകളേറെയുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒരു ബ്ലോക്ക്
യാതൊരു അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെയാണ് ജനറൽ ആശുപത്രിയുടെ പിറകിലുള്ള ഗൈനക്കോളജി, കുട്ടികളുടെ വാർഡ് എന്നിവയുടെ പ്രവർത്തനം. കുട്ടികളുടെ വാർഡിലേക്ക് പോകാൻ ലിഫ്ട് പോലുമില്ല. ലിഫ്ട് സ്ഥാപിക്കാൻ സ്ഥലം പോലുമില്ലെന്നതാണ് സ്ഥിതി. അമ്മയും കുഞ്ഞും കെട്ടിടം പണി കഴിച്ച് മാറിയാലേ 180 കോടിയോളം വരുന്ന കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നവീകരണം നടക്കൂ. ഗൈനക്കോളജിയിൽ ഏഴ് ഡോക്ടർമാർ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്. ഇതിൽ മൂന്നോ നാലോ പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പുതിയ ബ്ലോക്കിലേക്ക് മാറുമ്പോൾ മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
തൊടാനാകാതെ പ്രധാന കെട്ടിടം
പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലായതിനാൽ ജനറൽ ആശുപത്രിയുടെ പ്രധാനകെട്ടിടം നവീകരിക്കാനാകില്ല. കാഷ്വാലിറ്റി ഉൾപ്പടെയുള്ളവ ഈ കെട്ടിടത്തിലാണ്. ഇടുങ്ങിയ സ്ഥലത്താണ് പ്രവർത്തനം.