എരുമപ്പെട്ടി: കേച്ചേരി- അക്കിക്കാവ് റോഡ് നിർമ്മാണത്തെതുടർന്ന് പന്നിത്തടം സെന്ററിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. രണ്ട് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ നിരന്തരം സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. നിലവിൽ പന്നിത്തടം സെന്ററിലെ കാന നിർമ്മാണമാണ് പരോഗമിക്കുന്നത്. കല്ലുങ്കുകൾക്ക് എടുത്ത കുഴിയിൽ വാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് എൻജിനീയറിംഗ് കോളേജുകളും പത്തിലധികം സ്‌കൂളുകളും അഞ്ചോളം ഓഡിറ്റോറിയങ്ങളിലും എത്താൻ പന്നിത്തടം നാൽക്കവലയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ദിവസവും രാവിലെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പന്നിത്തടത്ത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ എരുമപ്പെട്ടി പൊലീസ് ഹോം ഗാർഡിനെ സ്ഥിരമായി നിയോഗിച്ചിട്ടുണ്ട്. കുന്നംകുളം ടൗൺ ഒഴിവാക്കിയുള്ള വാഹനയാത്രക്ക് പന്നിത്തടം വഴിയുള്ള ബൈപ്പാസിനെയാണ് ആശ്രയിക്കുന്നത്.
കിഫ്ബി പദ്ധതിയിൽ 49.65 കോടി രൂപ വകയിരുത്തി 9.4 കിലോമീറ്റർ ദൂരമാണ് നിർമ്മാണം നടക്കുന്നത്.
നിർമ്മാണ പ്രവർത്തനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനും നഷ്ട്ടപരിഹാരത്തുകയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എത്രയും വേഗം റോഡിന്റെ പണിപൂർത്തിയാക്കി പന്നിത്തടം കവലയിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും
പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കമ്മീഷൻ സ്ഥലം സന്ദർശിച്ചു
പന്നിത്തടം സെന്ററിലെ കാന നിർമ്മാണത്തിനായ് വടക്കാഞ്ചേരി റോഡിൽ നിൽക്കുന്ന ആൽമരം മുറിച്ചുമാറ്റുന്നതിന് കമ്മീഷൻ സ്ഥലം സന്ദർശിച്ചു. ആൽമരം മുറിച്ചുമാറ്റണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്ന് പുതിയമാത്തൂർ സ്വദേശി സതീഷ്, മുരിങ്ങത്തേരി സ്വദേശി വിഷ്ണു എന്നിവർ കോടതിയെ സമീപിച്ചിരുന്നു.
ഹിന്ദു ആചാരപ്രകാരം ഈ മാസങ്ങളിൽ ആൽമരം മുറിക്കാൻ കഴിയില്ലെന്ന പരാതിയാണ് ഇവർ ഉന്നയിച്ചത്. കളക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നൽകിയ പരാതിയിൽ ഗവൺമെന്റ് വക്കീലിനെ വിളിച്ച് വരുത്തി കോടതി നോട്ടീസ് നൽകി. സഥലം സന്ദർശിക്കുന്നതിന് കമ്മീഷനെയും നിയോഗിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കാൻ കമ്മീഷൻ എത്തിയപ്പോൾ പ്രദേശത്ത് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.