ഇരിങ്ങാലക്കുട : തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്ത മാസം മനുഷ്യമതിൽ തീർത്ത് പ്രതിഷേധിക്കും. ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് നിവേദനം സമർപ്പിക്കാനും ബസ് ജീവനക്കാർക്ക് ലഘുലേഖ നൽകാനും തീരുമാനിച്ചു. ഇതോടൊപ്പം നവംബർ ഒന്നിന് കരുവന്നൂർ റേഷൻകട പരിസരത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭവും സംഘടിപ്പിക്കും.
അമിതവേഗം കൊണ്ട് അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്ന് കരുവന്നൂരിൽ ജനകീയ പ്രതിരോധ സമിതിയെന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് നടപടികൾ ആരംഭിക്കുന്നത്. കൂട്ടായ്മയുടെ ആദ്യ പൊതുയോഗം കരുവന്നൂർ ഡി.എം.എൽ.പി സ്‌കൂളിൽ നടന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കരുവന്നൂർ ചെറിയപാലത്തിന് സമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽ നിജു മരിച്ചിരുന്നു. സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറിടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ ബസുകൾ വഴിതിരിച്ചുവിട്ടിരുന്നു. സിദ്ധാർത്ഥൻ തളിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂട്ടിലെ സ്വകാര്യബസുകളുടെ അമിതവേഗം മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും വിവിധ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. നസി നസീർ വിഷയാവതരണം നടത്തി. കെ.എ.അക്ബർ അലി (പ്രസിഡന്റ്), വി.കെ.ജലീൽ (സെക്രട്ടറി), സിദ്ധാർത്ഥൻ തളിക്കൽ (ട്രഷറർ), എക്‌സിക്യൂട്ടീവ് അംഗങ്ങളായി അശോകൻ കുണ്ടായിൽ, ഗിരീഷ് മണക്കുന്നത്, അമ്പിളി അജിത്ത്, ജയ, അനിത അനിൽ, മുൻ പഞ്ചായത്തംഗങ്ങളായ പി.വി.അശോകൻ, കെ.ആർ.സിദ്ധാർത്ഥൻ എന്നിവരെ രക്ഷാധികാരികളായും യോഗം തിരഞ്ഞെടുത്തു.