ചേർപ്പ് : ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ വേദി മാറ്റം ആശയക്കുഴപ്പമുണ്ടാക്കുന്നു. നവംബർ 12 മുതൽ 15 വരെയാണ് കലോത്സവം നടത്താൻ നിശ്ചയിരിക്കുന്നത്. സി.എൻ.എൻ സ്‌കൂളിൽ നിന്നും ചേർപ്പ് ഗവ. ഹൈസ്‌കൂളിലേക്ക് കലോത്സവം മാറ്റാനാണ് തീരുമാനമായിട്ടുള്ളത്. നിലവിൽ സംഘാടക സമിതി ചേർന്ന് തീരുമാനിച്ചിരുന്ന കമ്മിറ്റികളെ ഒഴിവാക്കി പുതിയ സ്ഥലത്ത് പുതിയ കമ്മിറ്റി രൂപികരിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഇതേത്തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേർപ്പ് ഗവ. ഹൈസ്‌കൂളിൽ വീണ്ടും സംഘാടക സമിതി രൂപികരണ യോഗം ചേരും. ഭരണപക്ഷ അനുകൂല സംഘടനയുടെ പിടിവാശിയാണ് വേദി മാറ്റുന്നതിന് പിന്നിലെന്നാണ് ഒരു വിഭാഗം അദ്ധ്യാപകർ ആരോപിക്കുന്നു. ഇപ്പോൾ കലോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്ന സ്‌കൂളിൽ അസൗകര്യക്കുറവുണ്ടെന്നും അത് വിദ്യാർത്ഥികളെയും കലോത്സവത്തെയും ബാധിക്കുമെന്നും ആശങ്കയുണ്ട്. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ഏഴായിരത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. കലോത്സവ നടത്തിപ്പിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് ഒരു വിഭാഗം അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.