പുതുക്കാട് : ചെങ്ങാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ ജീവനക്കാരുടെ കുറവ് മൂലം മരുന്ന് ലഭിക്കാൻ കാത്തുനിന്ന് രോഗികൾ വലയുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് ഇവിടെ ഡോക്ടറുടെ സേവനം ലഭിക്കുന്നത്. ഈ ദിവസത്തിൽ പ്രദേശത്തെ നൂറിലേറെ രോഗികളാണ് ഇവിടെയെത്തുന്നത്.

ജീവിതശൈലി രോഗബാധിതരായ വൃദ്ധരാണ് രോഗികളിലേറെയും. ഡോക്ടറെ കണ്ടുകഴിഞ്ഞാൽ മരുന്ന് വാങ്ങാൻ മണിക്കൂറുകളോളമാണ് ഇവർക്ക് കാത്തുനിൽക്കേണ്ടി വരുന്നത്. ഇത്രയേറെ രോഗികളെത്തുന്ന സബ് സെന്ററിലെ ഫാർമസിയിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ഇതാണ് രോഗികൾക്ക് മരുന്ന് ലഭിക്കാൻ താമസിക്കുന്നത്. ഏറെ നാളത്തെ പരാതികൾക്ക് ശേഷമാണ് പുതുക്കാട് പഞ്ചായത്ത് ഭരണസമിതി സബ് സെന്ററിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കിയത്.

അതുവരെ പുതുക്കാട് താലൂക്ക് ആശുപത്രിയെ ആശ്രയിച്ചിരുന്ന രോഗികൾക്ക് സബ് സെന്ററിലെ ഡോക്ടറുടെ സേവനം ആശ്വാസമായിരുന്നു. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കി. പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഫാർമസിയിൽ ജീവനക്കാരെ നിയമിച്ചത് രോഗികളെ വലക്കാതെ മരുന്നു നൽകാനുള്ള നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.