
തൃശൂർ: കേന്ദ്രസർക്കാരിന്റെ നയങ്ങൾ തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് വൈകിട്ട് 5 ന് പ്രതിഷേധ സംഗമം നടത്തും. നടുവിലാൽ ജംഗ്ഷനിൽ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. സംസ്ഥാന സർക്കാർ പൂരം കലക്കി എന്ന് ആക്ഷേപിച്ച്, സംഘ്പരിവാർ പൂരം നടത്തിപ്പ് തടസപ്പെടുത്തുകയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.
പൂരം കലക്കിയത് തന്നെ:
വി.എസ്.സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരം കലങ്ങിയതല്ല കലക്കിയത് സംശയമില്ലാത്ത കാര്യമാണെന്ന് സി.പി.ഐ നേതാവും തൃശൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്.സുനിൽകുമാർ. ആർ.എസ്.എസ് ഗൂഢാലോചനയാണ് അതിന്റെ പിന്നിലുള്ളത്. ദേവസ്വങ്ങളെ എന്തുകൊണ്ടാണ് അന്വേഷണസംഘം ബന്ധപ്പെടാതിരുന്നതെന്ന് അറിയില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
സത്യം പുറത്തുവരണം: ബിനോയ് വിശ്വം
കൊച്ചി: തൃശൂർ പൂരം നടക്കേണ്ടതു പോലെയല്ല നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗൂഢാലോചനയുണ്ടായി. പിന്നിലെ സത്യങ്ങളാണ് പുറത്തു വരേണ്ടത്. പൂരം വിവാദത്തിൽ പറയേണ്ടതെല്ലാം സി.പി.ഐ പറഞ്ഞു കഴിഞ്ഞു. ഇതൊരു വാക്കിന്റെ പ്രശ്നമല്ലെന്നും അദ്ദേഹം  പറഞ്ഞു.
പൂരം കലക്കൽ :ആദ്യ
കേസെടുത്ത് പൊലീസ്
തൃശൂർ : പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്.ഐ.ടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ, രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകാണ് ചുമത്തിയത്. ആരെയും പ്രതി ചേർത്തിട്ടില്ല. എ.ഡി.ജി.പിയുടെ പൂരം കലക്കൽ റിപ്പോർട്ടിൽ കേസെടുക്കാനാവില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെ വിവിധ പരാതികളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക സംഘം പരാതി നൽകുകയായിരുന്നു. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസും പ്രത്യേക സംഘം തന്നെ അന്വേഷിച്ചേക്കും.