പാവറട്ടി : എളവള്ളി പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയെ കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള നടപടിയുടെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ പരിശോധന. 2022ൽ ഡിസ്‌പെൻസറിയെ ഗവ.ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററാക്കി ഉയർത്തിയിരുന്നു.
കേന്ദ്ര അംഗീകാരം ലഭിച്ചാൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സൗകര്യം വർദ്ധിപ്പിക്കാം. ഒന്നാംഘട്ടത്തിൽ സംസ്ഥാനത്ത് 150 ഡിസ്‌പെൻസറികളാണ് കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയർത്തിയത്. രണ്ടാംഘട്ടത്തിൽ 100 ആശുപത്രികൾക്ക് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലാണ് എളവള്ളി ഇടം നേടിയത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ആറ് ഡിസ്‌പെൻസറികളാണ് ജില്ലയിൽ അപേക്ഷ നൽകിയത്. ജില്ലയിൽ ആകെയുള്ള രണ്ട് ആയുർവേദ സബ് സെന്ററുകളിൽ ഒന്ന് എളവള്ളിയിലെ ചിറ്റാട്ടുകരയിലാണ് പ്രവർത്തിക്കുന്നത്. ഒരുതവണ സർട്ടിഫിക്കേഷൻ ലഭിച്ചാൽ തുടർ പരിശോധനങ്ങളിലൂടെ മുഴുവൻ സൗകര്യങ്ങളിലുള്ള ഗുണമേന്മ തുടർന്നും ഉറപ്പുവരുത്തും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് നടത്തുന്ന പരിശോധനകളുടെ ജില്ലാതല ഉദ്ഘാടനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു. ടി.സി.മോഹനൻ അദ്ധ്യക്ഷനായി. ആയുഷ് മെഡിക്കൽ ഓഫീസർ ഡോ.വി.എം.ഷാമില വിഷയാവതരണം നടത്തി. നാഷണൽ അസെസർ പി.പി.രാജൻ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീന റാണി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശരണ്യ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, വാർഡ് മെമ്പർ ഷാലി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. മറ്റ് ഉദ്യോഗസ്ഥരായ എസ്.പൂർണിമ, ഡോ.ആഗ്‌നസ് ക്ലീറ്റസ്, പി.ജെ.ജിന്റോ, ഡോ.ശ്രീഹരി മേനോൻ, ഡോ.കെ.പി.നിമ്മി, ഡോ.ടി.രജിത, ഡോ.കിരൺ ആന്റണി എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
സർട്ടിഫിക്കേഷൻ ഇവ പരിശോധിച്ച്
സൗകര്യപ്രദമായ കെട്ടിടം, പരിശോധനാ മുറി, ഫാർമസി കൗണ്ടർ, സ്റ്റോർ റൂം, രജിസ്‌ട്രേഷൻ കൗണ്ടർ, ക്യൂ ടോക്കൺ സംവിധാനം, കുടിവെള്ള ലഭ്യത, ഫീഡിംഗ് റൂം, ശുചിമുറികൾ, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യം, യോഗ ഹാൾ, ഔഷധത്തോട്ടം, വിവിധ തസ്തികയിലുള്ള മുഴുവൻ ജീവനക്കാരുടെയും സേവനം, ചുറ്റുമതിൽ, ജീവിതശൈലി രോഗങ്ങളുടെ വിവര ശേഖരണം, രോഗികൾക്കുള്ള ഇരിപ്പിടം, രോഗപരിശോധനാ ഉപകരണങ്ങളുടെ ലഭ്യത, വിവിധ രജിസ്റ്ററുകളുടെ സൂക്ഷിപ്പ്, ജനകീയ ബോധവത്കരണ പരിപാടികൾ, രോഗി സന്ദർശനം, രോഗി ജീവനക്കാർ സംതൃപ്തി സർവ്വേ, ആശുപത്രി മാലിന്യങ്ങളുടെ തരംതിരിച്ചുള്ള സംസ്‌കരണം, വൈദ്യുതി ലഭ്യത, ഇൻവെർട്ടർ സൗകര്യം, ടെലിഫോൺ ഇന്റർനെറ്റ് കണക്‌ഷൻ, അഗ്‌നിശമനോപാധികൾ, തുടർച്ചയായുള്ള ജല പരിശോധനാ റിപ്പോർട്ടുകൾ, ആശുപത്രി ശുചിത്വം
അഞ്ചെണ്ണം കൂടി പരിഗണനയിൽ
പൈങ്കുളം, അളഗപ്പനഗർ, പരിയാരം, കാടുകുറ്റി, വെള്ളാങ്കല്ലൂർ
എളവള്ളി ഗവ.ആയുർവേദ ഡിസ്‌പെൻസറിയെ കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതോടെ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം.
ജിയോ ഫോക്‌സ്
പഞ്ചായത്ത് പ്രസിഡന്റ്