തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമായതിനാൽ പയറ്റുന്നത് എല്ലാ അടവും പുറത്തെടുത്തുള്ള പ്രചാരണ തന്ത്രം. ഉപതിരഞ്ഞെടുപ്പായതിനാൽ നിയന്ത്രണം മുഴുവൻ സംസ്ഥാന നേതൃത്വത്തിന്റെ കൈകളിലാണ്. അതുകൊണ്ട് പഴുതടച്ചുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാന നേതാക്കൾക്കാണ് ചുമതല. മണ്ഡലത്തിന്റെ മുക്കും മൂലയും മൂന്ന് മുന്നണികളുടെയും പോസ്റ്ററുകളാലും കൊടിതോരണങ്ങളാലും നിറഞ്ഞു. അതേസമയം വിജയത്തിൽ കുറവൊന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. മണ്ഡല ചരിത്രം നൽകുന്ന ആത്മവിശ്വാസമാണ് പിന്നിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരിട്ട് പ്രവർത്തനം നിരീക്ഷിക്കുന്നു. ഏതാനും ദിവസമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എം.വി.ഗോവിന്ദനെത്തി. കൂടാതെ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന നേതാക്കളായ പി.കെ.ബിജു, സി.എസ്.സുജാത, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളും ഇതിനകം മണ്ഡലത്തിലെത്തി. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. ഒന്നര മണിക്കൂറിലേറെ നേരമാണ് കൺവെൻഷനിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. കഴിഞ്ഞദിവസം തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ബ്രാഞ്ച് തലം മുതൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

യു.ഡി.എഫ് കഠിനപ്രയത്‌നത്തിൽ

പ്രായത്തിന്റെ ക്ഷീണമൊന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധകൃഷ്ണനില്ല. ചേലക്കര മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം. സ്ഥാനാർത്ഥിയെ ഇടയ്ക്കിടെ വിളിച്ച് പ്രചരണത്തിന്റെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് വരെ അന്വേഷിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിന്റെ ഭൂരിഭാഗം നേതാക്കളും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ മണ്ഡലത്തിലെത്തി. ഇന്നലെ ചേലക്കരയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് അബ്ദുൾ സമദ് സമദാനിയായിരുന്നു.


നേട്ടമുണ്ടാക്കാൻ എൻ.ഡി.എ

ഇരുമുന്നണികൾക്കുമൊപ്പം പ്രചരണ രംഗത്ത് ഒട്ടും പിറകിലല്ല എൻ.ഡി.എ. എല്ലാ ദിവസവും അഖിലേന്ത്യ - സംസ്ഥാന നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രവർത്തകരിൽ ആത്മവിശ്വാസം പകരുന്നു. ഒപ്പം വോട്ടർമാർക്കിടയിൽ സ്വാധീനം വർദ്ധിപ്പിച്ച് തൃശൂരിലെ വിജയം ചേലക്കരയിലും ആവർത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. കുമ്മനം രാജശേഖരൻ, എ.പി.അബ്ദുള്ളകുട്ടി തുടങ്ങി മുതിർന്ന നേതാക്കൾ മണ്ഡലത്തിലെത്തി. ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി, പി.സി.ജോർജ്, മേജർ രവി ഉൾപ്പടെയുള്ള നേതാക്കളുമെത്തുന്നതോടെ പ്രസ്താവനാ യുദ്ധം കൊണ്ട് മണ്ഡലം ഉണരും.