തൃശൂർ: വർഗീയ ഫാസിസം നടപ്പാക്കുന്നതിന് ഭരണകൂടം നിയമത്തെ പുനരാവിഷ്‌കരിക്കുകയും കേവല ഭരണകൂടനീതിയായി സങ്കോചിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫാദർ പോൾ തേലക്കാട്ട്. 'വർഗീയ ഫാസിസത്തിന് സെലിബ്രിറ്റികൾ കീഴടങ്ങുന്നുവോ?' എന്ന ചോദ്യമുയർത്തി സെക്യുലർ ഫോറം തൃശൂർ സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമപരമായി ശരിയെന്ന് വ്യാഖ്യാനിക്കുന്ന പ്രവൃത്തികൾ പലപ്പോഴും ധാർമ്മികമായി പൈശാചികമാണ്. നാട്ടിൽ നിലവിലുണ്ടായിരുന്ന നിയമപ്രകാരമാണ് സതി, അയിത്തം, അടിമത്തം തുടങ്ങിയ ദുരാചാരങ്ങൾ നടന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സെക്യുലർ ഫോറം നിർവാഹകസമിതി അംഗം മാത്യു ആൻഡ്രൂസ് മോഡറേറ്ററായി. ചെയർമാൻ ഇ.ഡി.ഡേവിസ്, ടി.സത്യനാരായണൻ, ഫാ.ജോൺ കവലക്കാട്ട്, പ്രൊഫ.സി.വിമല, ആർ.മോഹന, റീബ പോൾ, ഹെർബർട്ട് ആന്റണി എന്നിവർ സംസാരിച്ചു.