തൃശൂർ: ഉത്സവ - പെരുന്നാൾ നേർച്ച ആഘോഷങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിലനിറുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമ ഭേദഗതി നടത്തണമെന്ന് ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സർക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി വെടിക്കെട്ടിന്റെ മരണമണിയായി മാറിക്കഴിഞ്ഞു. ഒരു ആരാധനാലയത്തിലും പുതിയ നിയമം പാലിച്ച് വെടിക്കെട്ട് നടത്താനാകില്ല. എരുമപ്പെട്ടിയിൽ പരമ്പരാഗത വെടിക്കോപ്പുകൾ നിർമ്മിക്കാനുള്ള കേന്ദ്രം ആരംഭിക്കാമെന്ന് പറഞ്ഞത് നടപടിക്രമം പൂർത്തിയാക്കി ഉടൻ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഗമം കുട്ടൻകുളങ്ങര ദേവസ്വം പ്രസിഡന്റ് സി.വിജയൻ ഉദ്ഘാടനം ചെയ്തു. എ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വത്സൻ ചമ്പക്കര, രവീന്ദ്രനാഥ് കോട്ടയം, കെ.മഹേഷ് തുടങ്ങിയവർ സംസാരിച്ചു.