
കൊടുങ്ങല്ലൂർ : രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ ആനുകൂല്യം പങ്കു വയ്ക്കുമ്പോൾ, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ പുരത്ത് നടന്ന യോഗം കൊടുങ്ങല്ലൂർ യൂണിയൻ മെറിറ്റ്
ഡേയും, ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പത്തും അധികാരവും തുല്യമായി പങ്കു വയ്ക്കാതിരിക്കുമ്പോഴും അർഹതപ്പെട്ട അവകാശം ചോദിക്കുമ്പോഴും ഗുരു വചനം ഓർമ്മിപ്പിച്ച് മൗനം പാലിക്കാൻ പഠിപ്പിക്കുന്നത് ഗുരുവിനോടുള്ള സ്‌നേഹം കൊണ്ടല്ല. ഇതൊരു തരം രാഷ്ട്രീയ കുതന്ത്രമാണ്.
ഇത്തരം തന്ത്രങ്ങളിൽ ഇനിയാരും വീണു പോകരുത്. പ്രത്യേകിച്ച് വരും തലമുറ. ഭരണ സംവിധാനം കൈകാര്യം ചെയ്യാൻ ഈഴവർ പോഴന്മാരാണെന്ന രാഷ്ട്രീയ പാർട്ടികളുടെ നിരീക്ഷണം ഈഴവരെ എന്നും വോട്ടു കുത്തികളാക്കി. കാലം മാറുന്നത് പോലെ നമ്മുടെ ചിന്താഗതികളും മാറണമെന്നും അദ്ദേഹം പറഞ്ഞു.
അമരിപ്പാടം ഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഭദ്രദീപം തെളിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി എ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം കൗൺസിലറും യൂണിയൻ കൺവീനറുമായ പി.കെ.പ്രസന്നൻ ആമുഖപ്രസംഗം നടത്തി. യോഗം കൗൺസിലറും യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ബേബി റാം എൻഡോവ്‌മെന്റ് സമർപ്പിച്ച് മുഖ്യപ്രഭാഷണവും നടത്തി.