 
ചാലക്കുടി: ആശാരിപ്പാറ, താണിപ്പാറ പുറമ്പോക്ക് ഭൂമിയിലെ കുളങ്ങൾ ഏറ്റെടുക്കാൻ റവന്യൂ വകുപ്പ്. നഗരസഭ നടത്തിപ്പ് ഏറ്റെടുത്ത പോട്ട ഒന്നാം വാർഡിലുള്ള കുളങ്ങളാണ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിൽ ഏറ്റെടുക്കുന്നത്. എന്നാൽ കുളങ്ങളിലുള്ള മത്സ്യ സമ്പത്ത്് നഗരസഭ പാട്ടത്തിന് നൽകിയ സംഘത്തിന് മൂന്നാഴ്ച്ചക്കുള്ളിൽ പിടിച്ചെടുക്കാനും ഉത്തരവിൽ പറയുന്നു. ഇതിനെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വാർഡ് വികസന സമിതിയാണ് ഇവിടെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യക്കുങ്ങളെ നിക്ഷേപിച്ചിരുന്നത്. നാട്ടുകാർക്ക് ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും അനുവാദമുണ്ടായിരുന്നു. പിന്നീട് കുളങ്ങൾ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെട്ട് നഗരസഭ ഒരു വർഷം മുമ്പ് മത്സ്യ നിക്ഷേപവും ശേഖരണവും സഹകരണ സംഘത്തിന് പാട്ടത്തിന് നൽകി. ഇതിനെതിരെ ചൂണ്ടയിട്ട് പ്രതിഷേധിച്ച സി.പി.എം പ്രവർത്തകരുടെ പേരിൽ സംഘം ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ജില്ലാ ഭരണകൂടം, റവന്യൂ വകുപ്പ്് എന്നീ വിഭാഗങ്ങൾ കേസിൽ കക്ഷികളായി. സി.പി.എം പ്രവർത്തകരും വിവിധ വകുപ്പുകളിൽ നഗരസഭയ്‌ക്കെതിരെ പരാതി നൽകി. ഇതിലാണ് കുളങ്ങൾ പൂർണമായും റവന്യൂ വകുപ്പിന്റേതാണെന്ന് ഹൈക്കോടതി കണ്ടെത്തിയതും തിരിച്ച് പിടിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതും. ഉടമസ്ഥാവകാശം വ്യക്തമായിട്ടും മത്സ്യം പിടിക്കാൻ അനധികൃത നടത്തിപ്പുകാർക്ക് ഒത്താശ ചെയ്യലാണ് ഇപ്പോഴത്തെ നീക്കമെന്നും സി.പി.എം പ്രവർത്തകർ ആരോപിച്ചു.