തൃശൂർ: പട്ടിക ജാതി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന ആഗസ്റ്റിലെ സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് കെ.പി.എം.എസ്. പട്ടികജാതി പട്ടികവർഗ്ഗ സമൂഹങ്ങളുടെ വർത്തമാനകാല സ്ഥിതിയെ സംബന്ധിച്ച് ആധികാരികമായ യാതൊരു പഠനങ്ങളും നടത്താതെയാണ് സുപ്രീം കോടതിയുടെ ഈ വിധി പ്രസ്താവിച്ചത്. സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാണ് ഇന്ത്യൻ ഭരണഘടനയിൽ ഈ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയത്. ആ അർത്ഥത്തിൽ ഈ വിഭാഗങ്ങൾക്ക് സാമൂഹിക നീതി ലഭ്യമായിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. പട്ടിക വിഭാഗങ്ങളെ നിർണയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകാതിരിക്കുക, പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തിൽ മാറ്റം വരുത്താതിരിക്കാൻ പാർലമെന്റ് നിയമനിർമ്മാണം നടത്തുക, പട്ടികജാതി സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് തൃശൂരിൽ സംവരണ സംരക്ഷണ റാലിയും സാമൂഹിക നീതി സംഗമവും സംഘടിപ്പിപ്പിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് അറിയിച്ചു.