 
ചേർപ്പ്: 'ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരുടെ സർവേ നടത്തി. അവിണിശ്ശേരി, ചേർപ്പ് പാറളം, വല്ലച്ചിറ പഞ്ചായത്തുകളിൽ 1187 പേരുണ്ടെന്ന് കണ്ടെത്തി. ഭിന്നശേഷിയുടെ തരം, വയസ്, തൊഴിൽ തുടങ്ങിയ വിവരങ്ങളടങ്ങുന്ന സർവേ സ്റ്റാറ്റസ് റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പ്രകാശനം ചെയ്തു.
തലക്കോട്ടുക്കര വിദ്യ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് സോഫ്റ്റ്‌വെയർ രൂപികരിച്ച് വിവരശേഖരം തയ്യാറാക്കിയത്. ആൺ, പെൺ വ്യത്യാസമില്ലാതെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾക്കും ഇവ പ്രയോജനമാകും. സ്വത്ത് വിവരങ്ങൾ, തൊഴിൽ, ജീവിത സാഹചര്യസംരക്ഷണം എന്നിവയടങ്ങിയ രേഖകളും ഇതിന്റെ ഭാഗമായി തയ്യാറാക്കും.
അടുത്ത ഘട്ടത്തിൽ നാല് പഞ്ചായത്തുകളിലുള്ള 46 പേർക്കും കൂടി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളും 333 യു.ഡി.ഐഡി കാർഡുകളും, ഗാർഡിയൻ സർട്ടിഫിക്കറ്റുകളും നൽകുന്നതിന് നടപടികൾ സ്വീകരിക്കും. ഇവ പൂർത്തിയായാൽ നാലാം ഘട്ട പ്രഖ്യാപനവും തുടർപദ്ധതി ആവശ്യങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലൂടെ നടപടികൾ ക്രമങ്ങൾ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന അക്ബർ പറഞ്ഞു.