
തൃശൂർ: ചേലക്കര മണ്ഡലത്തിന്റെ അതിർത്തി ഗ്രാമമാണ് ദേശമംഗലം. എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണന്റെ യാത്ര ഈ മേഖലയിലൂടെയായിരുന്നു. ദേശമംഗലത്തെത്തുമ്പോൾ പ്രവർത്തകർ സ്ഥാനാർത്ഥിക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. അതിനിടെ ഒരു അറിയിപ്പ് ലഭിച്ചതോടെ ഏതാനും പേർ ബൈക്കുമായി വഴികാണിക്കാനായി പുറപ്പെട്ടു. അൽപ്പ സമയത്തിനകം സ്ഥാനാർത്ഥിയെത്തി.
വന്നിറങ്ങിയ ഉടൻ പ്രവർത്തകർ പറഞ്ഞു ഇവിടെ ഏതാനും വീടുകൾ കയറിയേ പോകാവൂ... ഉടൻ മറുപടി വന്നു... "നിങ്ങൾ വിട്ടാലേ ഞാൻ പോകൂ. എത്ര വീട് വേണമെങ്കിലും കയറാം... ഞാൻ റെഡി". ഇതോടെ പ്രവർത്തകരും ഉഷാറായി. മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവില്വാമല പഞ്ചായത്തിൽ ആദ്യമായി ബി.ജെ.പിക്ക് ഭരണം ലഭിച്ചപ്പോൾ വൈസ് പ്രസിഡന്റായിരുന്നു നാട്ടുകാർ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. പത്ത് വർഷത്തോളമായി പഞ്ചായത്ത് അംഗം. ബി.ജെ.പിയുടെ മണ്ഡലം ജനറൽ സെക്രട്ടറിയുടെ ചുമതലയും ഉള്ളതിനാൽ പ്രവർത്തകരുമായി നല്ല ബന്ധവും.
എല്ലാവരുടെയും തോളിൽ കൈയിട്ട് കുശലം പറഞ്ഞ് വീടുകളിലേക്ക്. ചെന്നയുടൻ ഗൃഹനാഥന്റെ കൈപിടിച്ച് പറഞ്ഞു. "സഹായിക്കണം. നമുക്ക് ചേലക്കരക്കാർക്ക് ഒരു മാറ്റം വരണം. സുരേഷ് ഗോപിയുടെ വിജയം നമ്മൾ കണ്ടതല്ലേ. അത്തരത്തിൽ ഒരു മാറ്റം വരണം." വീട്ടുകാരിൽ നിന്ന് സന്തോഷത്തോടെയുള്ള പ്രതികരണം.
'സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികജാതി ഉന്നതികളുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ചേലക്കര. എന്നാൽ 1965ൽ രൂപീകൃതമായ മണ്ഡലത്തിൽ ഇരുമുന്നണികളും മാറി മാറി പ്രതിനിധീകരിച്ചെങ്കിലും ഇവിടെയുള്ളവർക്ക് ദുരിതം മാത്രമേയുള്ളൂ. 1996 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എൽ.ഡി.എഫാണ്. അഞ്ച് വർഷമൊഴികെ മുഴുവനും കെ. രാധാകൃഷ്ണനായിരുന്നു പ്രതിനിധി. എന്നാൽ മണ്ഡലത്തെ മറന്നുള്ള പ്രവർത്തനമാണ് നടത്തിയത്. രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഗുണഫലം ചേലക്കരയിലെ അടക്കം സാധാരണക്കാരായ ജനങ്ങൾക്കും ലഭിക്കുകയാണ്. ഇത്തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നടപ്പാക്കാതെ പലതും അട്ടിമറിക്കുകയാണെന്നും ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഭവന സന്ദർശനത്തിന് ബി.ജെ.പി കോട്ടയം മേഖലാ പ്രസിഡന്റ് എൻ.ഹരി,ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ,കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്,ഐ.എം.രാജേഷ്,രാജ് കുമാർ, പി.കെ.മണി എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ഓരോന്നായി പറയുന്നതിനിടെ ഒപ്പമുള്ള നേതാക്കളുടെ ഫോണിലേക്ക് വിളികളെത്തി. ബാലേട്ടൻ എവിടെയെത്തി എന്നന്വേഷിച്ച്. എല്ലാവരും കാത്തിരിക്കുന്നു. പിന്നെ വൈകിയില്ല. അടുത്ത സെന്ററിലേക്ക് യാത്ര തിരിച്ചു.