പാവറട്ടി: പഠന വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന 'കൂടെ കൂട്ടാം' പദ്ധതിയുമായി എളവള്ളി പഞ്ചായത്ത്.
ഈ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പഞ്ചായത്താണ് എളവള്ളി. കൗൺസിലിംഗ് മുഖേന തെരഞ്ഞെടുത്ത അഞ്ചാന്തരം മുതലുള്ള കുട്ടികൾക്കാണ് പരിശീലനം. എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വാക മാലതി യു.പി.സ്‌കൂൾ, പൂവത്തൂർ സെന്റ് ആന്റണീസ് യു.പി.സ്‌കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്ക് പരിശീലനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ, ലഘു ഭക്ഷണം, പരിശീലകർക്കുള്ള ഓണറേറിയം എന്നിവ പഞ്ചായത്ത് നൽകും. പഞ്ചായത്തിലെ 2024-25 ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കുന്നത്. മൂന്നുമാസത്തെ പരിശീലനത്തിനു ശേഷം പഠന പുരോഗതി കൈവരിക്കാത്ത കുട്ടികൾക്ക് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി പരിശീലനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. മുല്ലശ്ശേരി ബി.ആർ.സി.സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ജാസ്മിൻ താവുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘമാണ് കുട്ടികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കിയത്. നൂതന പദ്ധതിയായതിനാൽ സാധാരണ ഡി.പി.സി യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭ്യമായിരുന്നില്ല. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗത്തിലാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ.മായ, സബ് കളക്ടർ അഖിൽ വി. മേനോൻ, എളവള്ളിം പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, കെ.ഡി.വിഷ്ണു, കെ.എസ്.മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.


പഠന പ്രശ്‌നങ്ങൾക്ക് പരിഹാരം


ഭിന്നശേഷി, കുട്ടികളിലെ സ്ഥിരമായ അസുഖങ്ങൾ, ബുദ്ധിപരമായ ശേഷിക്കുറവ്, പഠനത്തിൽ വേഗത കുറവ്, മാനസിക പ്രശ്‌നങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ, ആഗ്ലേയഭാഷ ശേഷിയില്ലായ്മ, പഠന വൈകല്യം, പഠനശേഷി കൈവരിക്കാതെയുള്ള ക്ലാസ് പ്രമോഷൻ എന്നിവ മൂലം കുട്ടികളിൽ ഉണ്ടാകുന്ന പഠന പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം സ്‌കൂൾ സമയത്തിന് ശേഷം 45 മിനിറ്റ് ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ പ്രത്യേകം നിയമിക്കുന്ന മെന്റർമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.