 
ചാലക്കുടി: ഏറെ വിവാദങ്ങൾക്കൊടുവിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്് പ്രസിഡന്റ് ലീനാ ഡേവിസ് രാജിവച്ചു. ഡി.സി.സിയുടെ ആവശ്യത്തെ തുടർന്ന് രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഭരണ പക്ഷത്തിലെ ഭിന്നതയെ തുടർന്ന് കഴിഞ്ഞ 18 ന് യു.ഡി.എഫിലെ തന്നെ അഞ്ച് അംഗങ്ങൾ വൈസ് പ്രസിഡന്റ് ലീന ഡേവിസിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷമില്ലാതിരുന്നതോടെ പ്രമേയം ചർച്ചക്കെടുത്തില്ല. ഇതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് ലീന ഡേവീസ് അഞ്ച് ദിവസത്തിനുള്ളിൽ രാജിവെക്കണമെന്നും അവിശ്വാസ പ്രമേയത്തിന് കത്ത് നൽകിയ അഞ്ച് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കരുതെന്നും ഡി.സി.സി നിർദ്ദേശിച്ചിരുന്നു. ഭരണപക്ഷത്തെ എട്ട് പേരും യോഗത്തിൽ പങ്കെടുക്കാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടെങ്കിലും ലീന ഡേവിസ് ഡി.സി.സി തീരുമാനം അംഗീകരിച്ച് രാജിവെക്കാതിരുന്നത് വിവാദമായിരുന്നു. മുരിങ്ങൂർ ഡിവിഷനിൽ നിന്നുള്ള വനജ ദിവാകരനായിരിക്കും അടുത്ത വൈസ് പ്രസിഡന്റ്. എ ഗ്രൂപ്പായ വനജയെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് അവരോധിക്കുന്നതിന്റെ അണിയറ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഐ ഗ്രൂപ്പ് നേതാക്കളാണെന്ന് ആക്ഷേപമുണ്ട്.
ഗ്രൂപ്പ് പോര് മുറുകുന്നു
ചാലക്കുടിയിലെ കോൺഗ്രസിൽ ഉടലെടുത്ത ഗ്രൂപ്പ് വഴക്കിന്റെ മറ്റൊരു പതിപ്പാണ് ഐ ഗ്രൂപ്പ് കാരിയായ ലീനാ ഡേവിസിന്റെ രാജി.
സ്ഥിരം സമിതി അദ്ധ്യക്ഷനും ഐ ഗ്രൂപ്പ് നേതാവുമായ പി.കെ. ജേക്കബാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപമുണ്ട്. ഐ ഗ്രൂപ്പിന്റെ ഉന്നതനും ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ വി.ഒ.പൈലപ്പനും ഇതിന് പരിശ്രമിച്ചു. സ്ഥാനം ഒഴിഞ്ഞതോടെ ലീനാ ഡേവിസിനെതിരെ പാർട്ടിതല നടപടിക്ക് നീക്കം ആരംഭിച്ചതായി അറിയുന്നു. ഡി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശം ലംഘിച്ച് രാജി നീട്ടികൊണ്ട് പോയതിന്റെ പേരിലാണ് നടപടിക്ക് നീക്കം. തന്റെ ഓഫീസിൽ നിന്നും പ്രധാന കസേര കാണാതായ വിവരം സാമൂഹ്യ മാദ്ധ്യമത്തിൽ പങ്ക് വച്ചാണ് ലീനാ ഡേവിസ് രാജി നീളുന്നതിന് കാരണമായി വ്യക്തമാക്കിയിരുന്നത്. ഐ ഗ്രൂപ്പ് നേതാവായ നഗരസഭ ചെയർമാൻ എബി ജോർജ്്് പി.കെ.ജേക്കബ്ബിനെ അവഗണിച്ചാണ് കുറ്റിക്കാട് ബാങ്ക്് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും പറയുന്നു.