തൃശൂർ: നഗരസഭയുടെ നികുതി പിരിവിൽ പ്രതിഷേധവുമായി പ്രതിപക്ഷം. കോർപ്പറേഷൻ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പട്ട് കൗൺസിലിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അനധികൃതമായി കോർപ്പറേഷൻ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപ നികുതിദായർക്ക് സമയബന്ധിതമായി തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്ലകാർഡുമായി കൗൺസിൽ ഹാളിൽ മേയറുടെ ചെയറിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഉപ നേതാവ് ഇ.വി.സുനിൽരാജ്, സെക്രട്ടറി കെ.രാമനാഥൻ, ലാലി ജെയിംസ്, ശ്യാമള മുരളിധരൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ, എബി വർഗ്ഗീസ്, എ.കെ.സുരേഷ്, എൻ.എ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിക്കൂട്ടിയ നികുതിയും പലിശയും പിഴപ്പശിയും സേവന നികുതിയും ലൈബ്രറി സെസും അടച്ച നികുതി ദായകർക്ക് തിരിച്ചു നൽകണം
രാജൻ.ജെ.പല്ലൻ
പ്രതിപക്ഷ നേതാവ്
നികുതി പിരിവ്
വഞ്ചനാപരമെന്ന് ബി.ജെ.പി
അധിക നികുതിയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി അടയ്ക്കാം എന്ന സംസ്ഥാന സർക്കാരിന്റെ ഓർഡർ കൗൺസിലിൽ വയ്ക്കാതെ മറച്ചുവച്ചു പൊതുജനങ്ങളിൽ നിന്നും പകൽകൊള്ള നടത്തുകയായിരുന്നെന്ന് ബി.ജെ.പി പാർലമെന്ററി ലീഡർ വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു. കൗൺസിലിൽ പൂർണിമ സുരേഷ്, എൻ.പ്രസാദ്, ഡോ. വി.ആതിര, എൻ.വി.രാധിക, കെ.ജി. നിജി എന്നിവരും സംസാരിച്ചു.
ഡിജിറ്റൽ സാക്ഷരത
തട്ടിപ്പെന്ന് പ്രതിപക്ഷം
ഇന്ന് നടന്ന സംമ്പൂർണ ഡിജിറ്റൽ സാക്ഷരത കോർപ്പറേഷൻ തല പ്രഖ്യാപനം തട്ടിപ്പാണെന്ന് കോൺഗ്രസും ബി.ജെ.പിയും കുറ്റപ്പെടുത്തി. പകുതിയിൽ കൂടുതൽ ഡിവിഷനിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. 16000 തോളം പേരെ ഡിജിറ്റൽ സാക്ഷരതയ്ക്ക് പ്രാപ്തരാക്കിയെന്ന് പ്രഖ്യാപനം വെറും തട്ടിപ്പാണെന്നും സംസ്ഥാന സർക്കാരും കോർപ്പറേഷനും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് പൊറാട്ട്
നാടകം കളിക്കുന്നു മേയർ
സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തുന്നതിന് അനുമതിക്കായി വിളിച്ചു ചേർത്ത അടിയന്തിര കൗൺസിലിൽ വിഷയങ്ങൾ പഠിക്കാതെ നികുതി പരിഷ്‌കരണ അടവിൽ വന്ന മാറ്റങ്ങളെ സംബന്ധിച്ച് പൊതുജങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മേയർ കുറ്റപ്പെടുത്തി. 2024 ജനുവരി 1 മുതൽ കെ. സ്മാർട്ട് നിലവിൽ വന്ന് കോർപ്പറേഷന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം കൗൺസിലിൽ പൊറാട്ട് നാടകം കളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. എം.എൽ. റോസി, വർഗീസ് കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, സി.പി. പോളി, ഷീബ ബാബു എന്നിവർ സംസാരിച്ചു.