കൊടുങ്ങല്ലൂർ : കയ്പമംഗലം നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ നടപ്പിലാക്കുന്ന 'അക്ഷരകൈരളി സുമേധ' പദ്ധതിയുടെ ഉദ്ഘാടനം ജില്ല അസി. കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പ്രാവർത്തികമാക്കുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്നും മണ്ഡലത്തിലെ ഓരോ വിദ്യാർത്ഥിയുടെയും ഭാവിയാത്രയിൽ ഉറച്ച ചുവടുവയ്പ്പാകാൻ പദ്ധതിക്കാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിഷയാധിഷ്ഠിതമായ അഭിരുചി പരീക്ഷകളും രണ്ടാംഘട്ടത്തിൽ കരിയർ കൗൺസിലിംഗ് ക്ലാസും സംഘടിപ്പിക്കും.
മൂന്നാംഘട്ടത്തിൽ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് കരിയർ കേഡറ്റ്‌സുകളും രൂപീകരിക്കും. എം.ഇ.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് സംസാരിച്ചു. അക്ഷര കൈരളി കോഓർഡിനേറ്റർ സജീവൻ മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്.ജയ, റാഫി, സമദ്, ട്രിപ്പിൾ ഐ കോമേഴ്‌സ് അക്കാഡമി കരിയർ ക്യൂറേറ്റർ, സഫയർ ഫ്യൂചർ അക്കാഡമി സി.ഇ.ഒ സുരേഷ് കുമാർ, അഖിൽ കുര്യൻ, നൗഷാദ്, കെ.എ.നഈമ എന്നിവർ സംസാരിച്ചു.