കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം ഫെറിയിൽ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാലര മണിക്കൂർ പുഴയിൽ കിടന്ന് പ്രതിഷേധിച്ചു. കത്തിച്ച പന്തവുമായിട്ടാണ് പ്രവർത്തകർ പുഴയിലിറങ്ങിയത്. നൂറ് ദിവസമായി ബോട്ട് സർവീസ് നിലച്ചിട്ടും അധികാരികൾ ഇടപെടാത്തതിലാണ് സാഹസിക സമരത്തിന് രംഗത്തെത്തിയത്.
കളക്ടർ വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം. ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പുഴയിലിറങ്ങിയത്. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ.അഫ്‌സൽ, ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ, സുമേഷ് പാനാട്ടിൽ, നിസാർ എറിയാട് എന്നിവർ പുഴയിലിറങ്ങി സമരം നടത്തി. രാവിലെ തുടങ്ങിയ സമരം കളക്ടർ ഇടപെട്ടതിനെ തുടർന്ന് വൈകിട്ട് നാലരയ്ക്ക് അവസാനിപ്പിച്ചു. പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം.കുഞ്ഞുമൊയ്തീൻ സമരം ഉദ്ഘാടനം ചെയ്തു. പി.എ.മനാഫ്, നിധീഷ് കുമാർ, പി.എ.കരുണാകരൻ, എവിൻ സിന്റോ, കെ.കെ.സഫറലി ഖാൻ, മൊയ്ദീൻ, എസ്.എൻ പുരം പ്രവിത ഉണ്ണിക്കൃഷ്ണൻ, ഷെഫി മൂസ, വൈശാഖ് ചന്ത്രാപ്പിന്നി എന്നിവർ നേതൃത്വം നൽകി. കളക്ടർ വിഷയത്തിൽ ഇടപെടുകയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഫയലുമായി നാളെ രാവിലെ ഓഫീസിൽ ഹാജരാകാൻ പറയുകയും ചെയ്തതായി നേതാക്കൾ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് കളക്ടറുമായി സംസാരിക്കുകയും പ്രശ്‌നം എത്രയും വേഗം തീർക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അനാസ്ഥ കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മടി കാണിക്കില്ലെന്നും കളക്ടർ അറിയിച്ചു. ഹൈക്കോടതി ജില്ലാ പഞ്ചായത്തിനോടും പഞ്ചായത്തിനോടും ഫെറി വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടും അധികാരികൾ അനങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് സമരം നടത്തിയത്.