 
തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പും പൂരം കലങ്ങലുമെല്ലാം ചർച്ചയായ ശേഷം ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ വീണ്ടും ചർച്ചകളിൽ നിറഞ്ഞ് തൃശൂർ പൂരം. പൂരം അലങ്കോലപ്പെട്ടതിൽ ഈസ്റ്റ് പൊലീസ് കേസെടുത്തതും അലങ്കോലപ്പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ തിരുത്തും എല്ലാം മറ്റൊരു രാഷ്ട്രീയ യുദ്ധത്തിന് വഴി വെട്ടുന്നു. പൂരം നടത്തിപ്പുകാരായ ഇരുദേവസ്വങ്ങളും കൂടി രംഗത്തെത്തിയതോടെ വിവാദം കൂടുതൽ രൂക്ഷമാകുകയാണ്.
കോൺഗ്രസ് നേതാവ് കെ. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും പൂരം വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. എ.ഡി.ജി.പി: എം.ആർ. അജിത്ത് കുമാറിന്റെ റിപ്പോർട്ടിൽ ദേവസ്വങ്ങൾക്കെതിരെ പരാമർശമുണ്ടായിരുന്നു. എന്നാൽ സർക്കാരിന് ആ റിപ്പോർട്ടിൽ താത്പര്യമില്ലായിരുന്നു. തുടർന്നാണ് മറ്റൊരു എജൻസി അന്വേഷിച്ചത്. ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രസ്താവനകളും പൊലീസ് കേസും എല്ലാം വിവാദം രൂക്ഷമാക്കി. അടുത്ത പൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങാനിരിക്കെ കഴിഞ്ഞ പൂരത്തിന്റെ അലയൊലി അണയാത്തത് പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ അടുത്ത വർഷത്തെ പൂരം വെടിക്കെട്ട് തന്നെ അനിശ്ചിതത്വത്തിലാകുമെന്ന വിധമുള്ള പുതിയ മാർഗനിർദ്ദേശങ്ങളും ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശവുമെല്ലാം പരിമുറുക്കം കൂട്ടുന്നുണ്ട്. ആനയെഴുന്നള്ളത്തുകൾക്കെതിരെ വിദേശഫണ്ടുകൾ സ്വീകരിച്ച് നിരവധി എൻ.ജി.ഒകൾ പ്രവർത്തിക്കുന്നതായാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. 2024ലെ നാട്ടാന പരിപാലനച്ചട്ടം നടപ്പാക്കിയാൽ പൂരങ്ങളും ഉത്സവങ്ങളും നടത്താനാകില്ലെന്നാണ് ആശങ്ക. ഇത് പിൻവലിച്ച് 2012ലെ നിയമം നിലനിറുത്തണമെന്നാണ് ഉത്സവം സംഘാടകരുടെയും ഉത്സവപ്രേമികളുടെയും ആവശ്യം.
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സഭയിൽ പറഞ്ഞതല്ല, പുറത്തുപറയുന്നത്.
- കെ. മുരളീധരൻ
പൂരം കലക്കൽ ആർ.എസ്.എസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് വി.ഡി.സതീശന്റെ ശ്രമം. ഇത് സർക്കാരിനെ രക്ഷിക്കാനാണ്.
- കെ. സുരേന്ദ്രൻ
തെറ്റ് ചെയ്തവർ ആരാണെങ്കിലും അനുഭവിക്കണം. ഇതിന് മുമ്പും തൃശൂരിൽ കമ്മിഷണർ ഉണ്ടായിരുന്നു. എല്ലാവരും സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. പൂരക്കാലത്ത് കമ്മിഷണർ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇനിയുള്ള പൂരമെങ്കിലും ഒറ്റക്കെട്ടായി നടത്താനാകണം.
- കെ. ഗിരീഷ്, സെക്രട്ടറി (തിരുവമ്പാടി ദേവസ്വം)
പൂരം നടത്തിയതിന് എഫ്.ഐ.ആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ല. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. പിന്നെന്തിനാണ് എഫ്.ഐ.ആർ. ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കരുത്. ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുതെന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. അതിന്റെ അവസാന ആണിയായാണ് എഫ്.ഐ.ആർ.- ജി. രാജേഷ്, സെക്രട്ടറി (പാറമേക്കാവ് ദേവസ്വം)
ദേവീദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കണമെന്ന് ഒരു താന്ത്രികഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലെന്ന പ്രചരണം തെറ്റാണ്. തന്ത്രശാസ്ത്രങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ദേവീദേവന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദേശാചാര സമ്പ്രദായപ്രകാരമാണ് മൂകാംബിക പോലുള്ള ക്ഷേത്രങ്ങളിൽ രഥം എഴുന്നള്ളിപ്പുകൾ നടത്തുന്നത്. തെക്കോേട്ട് വരുംതോറും ഇതിൽ മാറ്റമുണ്ട്.- ശ്രീനിവാസൻ നമ്പൂതിരിപ്പാട്, ആലുവ തന്ത്രവിദ്യാപീഠം വൈസ് പ്രിൻസിപ്പൽ