വടക്കാഞ്ചേരി: ഓണം കളറാക്കാൻ സംസ്ഥാനപാതയോരത്ത് നഗരസഭ നടത്തിയ ചെണ്ടുമല്ലിക്കൃഷി കാലം തെറ്റി പൂത്തതോടെ ആർക്കും വേണ്ടാതെ കരിഞ്ഞുണങ്ങുന്നു. പാർളിക്കാട് പട്ടിച്ചിറകാവ് പാടശേഖരത്തിനോട് ചേർന്ന് സംസ്ഥാനപാതയോരത്താണ് വിവിധ വർണങ്ങളിലുള്ള പൂക്കൾ നൽകുന്ന ചെണ്ടുമല്ലി തൈകൾ ആയിരങ്ങൾ ചെലവഴിച്ചത് വെച്ചുപിടിപ്പിച്ചത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുമായിരുന്നു കൃഷിയുടെ ചുമതല. എന്നാൽ കൃഷി സമ്മാനിച്ചത് കടുത്ത നിരാശയായിരുന്നു. ഓണത്തിന് വിളവെടുപ്പ് പ്രതീക്ഷിച്ച് ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് വച്ചുപിടിപ്പിച്ചെതെങ്കിലും പൂത്തത് ഈ മാസം ആദ്യവാരത്തിൽ. പൂക്കൾ വഴിപോക്കർകൊണ്ടുപോകാതിരിക്കാൻ താത്കാലിക സുരക്ഷാ വേലി, സംരക്ഷണത്തിന് ജീവനക്കാർ, തൊഴിൽ ദിനങ്ങൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു.