1

തൃശൂർ: പരസഹായമില്ലാതെ കിടപ്പുരോഗികൾക്ക് ലൈറ്റും ഫാനും പ്രവർത്തിപ്പിക്കാം. റവന്യൂജില്ലാ ശാസ്ത്രമേളയുടെ ഹൈസ്‌കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ പുത്തൻ പരീക്ഷണവുമായി എത്തിയത് അരണാട്ടുകര ഇൻഫന്റ് ജീസസിലെ കെ.എസ്. ശ്രീലക്ഷ്മിയും ആന്റിയ ബ്ലെയിംസുമാണ്.

ഹോം ഓട്ടോമേഷൻ ഇൻ ആൻഡ്രോയ്ഡ് എന്ന സംവിധാനം ഉപയോഗിക്കാൻ കിടപ്പുരോഗികൾക്ക് ആകെ വേണ്ടത് ആൻഡ്രോയ്ഡ് ഫോൺ മാത്രം. അർഡീനോ യു.എൻ.ഒ, റിലേ മൊഡ്യൂൾ, ബ്ലൂടൂത്ത് മൊഡ്യൂൾ എന്നിവ ഉപയോഗിച്ചാണ് നിർമാണം. ആൻഡ്രോയ്ഡ് ഫോണിൽ തൊട്ടോ ശബ്ദത്തിലൂടെയോ ലൈറ്റും ഫാനും പ്രവർത്തിപ്പിക്കാനുള്ള നിർദ്ദേശം നൽകാം.

ലൈറ്റും ഫാനും നിയന്ത്രിക്കാനുള്ള നിർദ്ദേശം മാത്രമാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് മുഴുവൻ നിയന്ത്രിക്കാവുന്ന വിധം ഈ സംവിധാനത്തെ വികസിപ്പിക്കാനാകുമെന്നും കുട്ടികൾ പറഞ്ഞു. കിടപ്പുരോഗികൾക്കിത് സ്വയംപര്യാപ്തതയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ആത്മവിശ്വാസം നൽകുമെന്നാണ് അവകാശവാദം.