കൊടുങ്ങല്ലൂർ: ദേശീയ പാതയിലെ അശാസ്ത്രീയ പ്രവർത്തനങ്ങളെ തുടർന്ന് പൊടിയിൽ മുങ്ങിയ ചന്തപ്പുര ജംഗ്ഷനിൽ തട്ടിക്കൂട്ട് ടാറിംഗ് നടത്തി കരാറുകാരൻ. പൊടിശല്യത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് കരാർ കമ്പനി റോഡിൽ തട്ടിക്കൂട്ട് പണി നടത്തിയത്. ചന്തപ്പുര സർവീസ് റോഡ് മാത്രമാണ് കഴിഞ്ഞ ദിവസം ഗതാഗതയോഗ്യമാക്കിയത്. പടിഞ്ഞാറ് ഭാഗത്തുള്ള റോഡിന്റെ നൂറു മീറ്ററും കിഴക്ക് ഭാഗം അമ്പത് മീറ്ററും ടാറിംഗ് നടത്തി. എന്നാൽ ചന്തപ്പുരയുടെ വടക്കുവശമുള്ള റോഡ് ഇപ്പോഴും ശോചനീയാവസ്ഥയിലാണ്. റോഡിലെ കുഴികളിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. പൊടി ശല്യമൂലം കാൽനടയാത്രയും വാഹനയാത്രയും ദുഷ്‌കരമാണ്. മഴപെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിന്ന് അപകടം വർദ്ധിക്കുകയാണ്. നിരവധി പരാതികൾ ഉന്നയിച്ചിട്ടും നടപടിയില്ലാത്തതിനെത്തുടർന്ന് വിവിധ സംഘടനകൾ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയതോടെയാണ് ടാറിംഗ് ആരംഭിച്ചത്. കോതപറമ്പ് ജംഗഷനിലും അവസ്ഥ ദയനീയമാണ്. കോതപറമ്പ് ദേശീയപാതയിലെ വ്യാപാര സ്ഥാപനങ്ങൾ പൊടിയിൽ മുങ്ങിയ അവസ്ഥയാണ്. ഇതോടെ ചില സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ചന്തപ്പുര- കോട്ടപ്പുറം സർവീസ് റോഡും തകർന്ന നിലയിലാണ്. ഈ റോഡ് അടച്ചായിരുന്നു നിർമ്മാണ ജോലികൾ നടത്തിവരുന്നത്.
കടുപ്പിച്ച് പ്രക്ഷോഭം
റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും പൊടിശല്യത്തിനുമെതിരെ കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം കടകൾ അടച്ച് പ്രതിഷേധിച്ചിരുന്നു. സി.പി.എം, കോൺഗ്രസ് പാർട്ടികൾ ദേശീയപാതയിൽ നിരവധി തവണ സമരം നടത്തി. സി.പി.ഐ ഇപ്പോഴും പ്രക്ഷോഭത്തിലാണ്. കരാറുകാരനായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ ഇനിയും തുടർ പ്രതിഷേധങ്ങൾ ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് താത്കാലമായി ചന്തപ്പുരയിലെ സർവീസ് റോഡ് മാത്രം ഗതാഗതയോഗ്യമാക്കിയതെന്ന് ആക്ഷേപമുണ്ട്്. എന്നാൽ ടാറിംഗിന് ശേഷവും ഇവിടെ പൊടിശല്യത്തിന് കുറവില്ലെന്ന് പ്രദേശവാസികൾ പറയുന്നു.