വടക്കാഞ്ചേരി : വയനാട് ദുരന്തത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനമായ അത്താണി സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡിൽ (എസ്.ഐ.എഫ്.എൽ )നിർബന്ധിത സാലറി ചലഞ്ച് നടക്കുന്നതായി ആരോപിച്ച് ഐ.എൻ.ടി.യു.സി രംഗത്ത്. സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ നേരത്തെ സ്ഥാപനത്തിലെ ജീവനക്കാർ പങ്കാളികളായതാണ്. ഇതിന് പിന്നാലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സാലറി ചലഞ്ചിലും ജീവനക്കാർ കണ്ണികളാകേണ്ടിവരുന്നത്. അഞ്ച് ദിവസത്തെ ശമ്പളം കൂടി നൽകണമെന്നാണ് മാനേജ്‌മെന്റ് ഉത്തരവിറക്കിയിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് കടക വിരുദ്ധമാണ് ഈ ഉത്തരവെന്ന് ആരോപിച്ചു. തൊഴിലാളികളെ ദ്രോഹിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കത്ത് നൽകിയതായി യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ.അജിത് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഉണ്ണിക്കുട്ടൻ എന്നിവർ അറിയിച്ചു.