1

തൃശൂർ: ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ജില്ലാ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പണിമുടക്കും. കളക്ടറുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ ബസുകൾക്കെതിരെ ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം പിൻവലിക്കുക, സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ഈ ആവശ്യങ്ങളുന്നയിച്ച നിവേദനം സമരസമിതി കളക്ടർക്ക് നൽകിയിരുന്നു. കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ, പുഴയ്ക്കൽ - കുന്നംകുളം റൂട്ടുകളിൽ റോഡ് പണികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വഴിതിരിച്ചുവിടൽ മൂലം സമയത്തിനു സർവീസ് നടത്താനോ, തൊഴിലാളികൾക്കു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ലെന്നും സ്റ്റാൻഡിനകത്തെ റോഡുകൾ ഒന്നര വർഷമായി തകർന്നു കിടക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സമരസമിതി യോഗത്തിൽ ജില്ലാ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ് കെ.വി. ഹരിദാസ്, സെക്രട്ടറി കെ.പി. സണ്ണി, ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.എം. വത്സൻ, ജനറൽ സെക്രട്ടറി കെ. ഹരീഷ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.യു. ഷംസുദ്ദീൻ, സെക്രട്ടറി കെ.കെ. ഹരിദാസ്, എ.ആർ. ബാബു എന്നിവർ പങ്കെടുത്തു.