
പുതുക്കാട് (തൃശൂർ): പുതുക്കാട് തലോരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു. ചെറുവത്തക്കാരൻ വീട്ടിൽ ജോജുവാണ് (50), ഭാര്യ ലിൻജുവിനെ (36) കൊലപ്പെടുത്തിയശേഷം വീട്ടിൽ തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ജോജുവിന്റെ രണ്ടാം വിവാഹവും, ലിൻജുവിന്റെ മൂന്നാം വിവാഹവുമാണ്.
വെട്ടേറ്റ ലിൻജുവിന്റെ അലർച്ച കേട്ട അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. ഇരുവരും തമ്മിൽ വഴക്കും പൊലീസിൽ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗൺസലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവർക്കും മുൻ വിവാഹ ബന്ധങ്ങളിൽ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ലിൻജുവിന്റെ രണ്ട് മക്കളാണ് ഇവർക്കൊപ്പം കഴിയുന്നത്. ഇടുക്കി സ്വദേശിയായ ലിൻജു ഒന്നര വർഷം മുൻപാണ് ജോജുവിനെ വിവാഹം കഴിക്കുന്നത്.