 
കൊടുങ്ങല്ലൂർ: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയ്‌ക്കെതിരെ സി.പി.ഐ കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വടക്കേ നടയിൽ നടന്ന സായാഹ്ന ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്രൃത്തിന് തടസം വരാതിരിക്കാൻ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്നും വാഹന ഗതാഗതത്തിലും കുടിവെള്ള വിതരണത്തിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ദേശീയപാത അധികൃതരുടേയും കരാറുകാരന്റേയും നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ അശ്രദ്ധമൂലം ഉണ്ടായ റോഡപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യവും സത്വരവുമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ആർ. സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കെ.ജി. ശിവാനന്ദൻ, ഇ.ടി. ടൈസൺ എം.എൽ.എ, കെ.വി. വസന്തകുമാർ, ടി.കെ. സുധീഷ്, കെ.എസ്. ജയ, സി.സി. വിപിൻ ചന്ദ്രൻ, ടി.പി. രഘുനാഥ്, പി.പി. സുഭാഷ്, എ.ഡി. സുദർശനൻ എന്നിവർ പ്രസംഗിച്ചു.