 
കുന്നംകുളം : വാക്കുകൾ ആയുധങ്ങളായി മാറുമ്പോൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ബോംബിനേക്കാൾ അപകടകരമാകുമെന്നതാണ് വർത്തമാനകാല കേരള ചരിത്രം സൂചിപ്പിക്കുന്നതെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തകനായിരുന്ന ബേബി മണ്ടുമ്പാലിന്റെ സ്മരണയ്ക്കായി ഏർപെടുത്തിയ 22,224 രൂപയും ഫലകവും അടങ്ങുന്ന എക്‌സലൻസ് അവാർഡ് ഹീമോഫീലിയ സൊസൈറ്റി സെക്രട്ടറി ഇ.രഘുനന്ദന് സമ്മാനിക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ മതപരമായ വിവേചനം ഇല്ല. വൈകാരികമായാണ് ചിലർ ചിന്തിക്കുന്നത്. അതാണ് പലപ്പോഴും അപകടകരമായ അവസ്ഥയിൽ എത്തുന്നത്. നിസ്വാർത്ഥ കർമ്മയോഗിയായ രഘുനന്ദൻ ഫീമോഫീലിയ രോഗികൾക്കായി സമർപ്പിത ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ :ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഗാന രചയിതാവ് റഫീക്ക് അഹമ്മദ്, പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :കെ.രാമകൃഷ്ണൻ, ഹീമോഫീലിയ സൊസൈറ്റി ട്രഷറർ കെ.പി.രാജേന്ദ്രൻ, ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ എന്നിവർ സംസാരിച്ചു സി.കെ.അപ്പുമോൻ ഗവർണർക്ക് ഉപഹാരം കൈമാറി. അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇ.രഘുനന്ദന് ആശുപത്രിയിലെത്തിയാണ് ഗവർണർ പുരസ്‌കാരം കൈമാറിയത്.