ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പോട്ട സർവീസ് റോഡ് നവീകരിക്കൽ പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കാനയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. അടിഭാഗം കോൺക്രീറ്റിംഗ് പൂർത്തിയായി. നാനൂറ് മീറ്ററോളം വരുന്ന കാനയുടെ ഓരങ്ങളും കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞാൽ വൈകാതെ റോഡിന്റെ ടാറിംഗും നടക്കും. ഡിസംബർ രണ്ടാം വാരത്തിൽ റോഡ് നവീകരണം പൂർത്തിയായേക്കും. ദേശീയപാത അതോറ്റിയുടെ മാനദണ്ഡപ്രകാരം സമാന്തര റോഡുകൾക്ക് 5.5 മീറ്ററായിരിക്കും വീതി.
പോട്ട സുന്ദരി കവലയിലെ പ്രസ്തുത റോഡും ഇത്തരത്തിലായിരിക്കും ടാറിംഗ് നടത്തുക. എന്നാൽ നഗരസഭയുടെ അഭ്യർത്ഥന മാനിച്ച്, കാന നിർമ്മിക്കൽ നടക്കുന്നത് ഏഴ് മീറ്റർ വീതിയുള്ള സ്ഥലത്തെ അവസാന ഭാഗത്താണ്. ഇവിടെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് ഏതെങ്കിലും വിധത്തിൽ ഫണ്ട് കണ്ടെത്തി ടാറിംഗ് നടത്താനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. മൊത്തം റോഡിന് ഏഴ് മീറ്റർ വീതിയുണ്ടായാൽ ഇതിലൂടെ വാഹനങ്ങൾക്ക് രണ്ടു വരി ഗതാഗതം നടത്താനാകും. പോട്ട ജംഗ്ഷനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുന്ദരിക്കവല റോഡിൽ ഇത്തരത്തിൽ സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പോട്ടയിലെ പൗരസമിതിയും വ്യാപാരികളും പിന്തുണയുമായി രംഗത്തുണ്ട്.