kana
1

മാള: കൊടകര -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അപകടഭീഷണി ഉയർത്തി റോഡരികിലെ കാനകൾ. മാള കരുണാഭവൻ ഹോമിയോ ഡിസ്പെൻസറി ഭാഗത്തുള്ള വളവിനോട് ചേർന്ന് റോഡിന്റെ ഇരുവശത്തും നിർമ്മിച്ച കാനകളാണ് വാഹന യാത്രികർക്ക് അപകടഭീഷണി ഉയർത്തുന്നത്. റോഡിലെ വെള്ള വരയോട് ചേർന്നാണ് ആഴത്തിൽ കാന നിർമ്മിച്ചിരിക്കുന്നത്. കാന നിർമ്മിച്ച ഭാഗങ്ങളിൽ പുൽക്കാടുകൾ വളർന്ന് നിൽക്കുന്നതും വളവും മൂലം കാനകൾ യാത്രികരുടെ കണ്ണിൽപ്പെടില്ല. വാഹനങ്ങളും കാൽനടയാത്രികരും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. അമിത വേഗത്തിൽ യാത്ര ചെയ്യുന്ന ടൂവീലർ യാത്രക്കാർ പലപ്പോഴും ഈ ഭാഗത്തെ അപകടാവസ്ഥ മനസിലാക്കാതെ വളവിൽ ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ റോഡിന്റെ വശത്തിലേക്ക് ചേർത്ത് ഓടിച്ചാൽ എപ്പോൾ വേണമെങ്കിലും കാനയിൽ വീഴും. ഈ റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഇടമാണ് ഇവിടെ. ഇതിനുമുമ്പ് ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽപെട്ട് വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്നവരുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പലരും പി.ഡബ്ല്യു.ഡി അധികൃതരെ അറിയിച്ചെങ്കിലും ഇനിയും നടപടിയായില്ല.പുൽക്കാടുകൾ വെട്ടി നീക്കി കാന യാത്രക്കാർക്ക് കാണുന്ന രീതിയിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.