ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്തെ വാർഡ് വിഭജനം വോട്ടർമാരുടെ എണ്ണം പരിഗണിക്കാതെ വാസഗൃഹങ്ങളെ മാത്രം അടിസ്ഥാനമാക്കി നടപ്പാക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.മനോജ്. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് പ്രശ്‌നം ഉന്നയിച്ചത്. വാർഡ് വിഭജനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് അറിയിച്ചു. വാർഡുകളുടെ എണ്ണം നിശ്ചയിക്കുന്നതിന് ജനങ്ങളുടെ എണ്ണവും വാർഡുകളുടെ അതിർത്തി നിശ്ചയിക്കുന്നതിന് വാസഗൃഹങ്ങളുടെ എണ്ണവും മാനദണ്ഡമാക്കിയതാണ് ഗുരുവായൂരിലെ പ്രശ്‌നങ്ങൾക്ക് കാരണം. നഗരസഭയിൽ നിലവിലെ 43 വാർഡ് 46 ആയാണ് മാറുന്നത്. നൂറുകണക്കിന് ഫ്‌ളാറ്റുകളുള്ള നഗര പ്രദേശത്താണ് നാല് വാർഡ് വർധിക്കുന്നത്. പഴയ തൈക്കാട് പഞ്ചായത്ത് മേഖലയിൽ ഒരു വാർഡ് കുറയും. ദർശനത്തിനെത്തുമ്പോൾ താമസിക്കാൻ മാത്രമായാണ് പലരും ഗുരുവായൂരിൽ ഫ്‌ളാറ്റ് സ്വന്തമാക്കിയിട്ടുള്ളത്. ഭൂരിഭാഗം പേരും മറ്റ് സ്ഥലങ്ങളിൽ സ്ഥിരതാമസക്കാരാണ്. ഈ സവിശേഷത ക്ഷേത്ര നഗരിയെന്ന നിലയിൽ ഗുരുവായൂരിൽ മാത്രമുള്ളതാണ്. ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് വിഭജനം നടന്നാൽ 500 ൽ താഴെ വോട്ടർമാർ മാത്രമുള്ള വാർഡുകളാണ് ഫ്‌ളാറ്റുകൾ ഏറെയുള്ള നഗരമേഖലയിൽ ഉണ്ടാകുന്നത്. എന്നാൽ മറ്റ് പല വാർഡുകളിലും 2000 ൽ കൂടുതലാണ് വോട്ടർമാർ. വികസനത്തിനുള്ള വാർഡ് വിഹിതത്തിൻ ഇത് അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ചെറുവാർഡുകളെ പ്രതിനിധീകരിക്കുന്ന കൗൺസിലർമാർ എണ്ണത്തിൽ കൂടുതലാകുന്നത് ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തെ തകർക്കുകയും ചെയ്യുമെന്ന് ആരോപിക്കുന്നു.