 
തൃശൂർ: രാജ്യാന്തര മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അന്തിമാനുമതി നൽകിയതോടെ പുതുവർഷ ആരംഭത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. നിർമ്മാണത്തിനുള്ള ദർഘാസുകൾ അടുത്തയാഴ്ച ക്ഷണിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
വിമാനത്താവള മാതൃകയിലാണ് തൃശൂർ സ്റ്റേഷനും പുനർനിർമ്മിക്കുക. മൂന്നുനിലകളിൽ താഴെ പാർക്കിംഗും വാഹനങ്ങളുടെ പോക്കുവരവും അനുവദിക്കും. ടിക്കറ്റ് കൗണ്ടർ രണ്ടാംനിലയിലാകും. മൾട്ടിലെവൽ പാർക്കിംഗ്, ജീവനക്കാർക്ക് ഫ്‌ളാറ്റ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും. എലിവേറ്റ് പ്ലാറ്റ്‌ഫോമുകൾ നാലിൽനിന്ന് അഞ്ചാക്കുമെന്നാണ് വിവരം. ദക്ഷിണ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗമാണ് നിർമാണം ഏറ്റെടുക്കുന്നത്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് സ്റ്റേഷൻ വികസനപദ്ധതി സംബന്ധിച്ച് തീരുമാനമുണ്ടായത്. നിലവിലുള്ള റെയിൽവേ സ്റ്റേഷനെ തീർത്തും മോഡി പിടിപ്പിക്കുന്ന രീതിയിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. ഇതോടെ കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായി മാറും തൃശൂരിലേത്. മദ്ധ്യകേരളത്തിന്റെ പ്രശസ്തിയും പ്രൗഢിയും വിളിച്ചോതുന്ന രീതിയിലാകും പുതിയ റെയിൽവേ സ്റ്റേഷൻ.
കെ.എസ്.ആർ.ടി.സിക്കും വരും പുതുമോടി
റെയിൽവേ സ്റ്റേഷന് ചേർന്നുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡും ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കുന്നത് യാത്രക്കാർക്ക് ഏറെ സഹായകമാകും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഓവർബ്രിഡ്ജ് വഴി റെയിൽവേസ്റ്റേഷന്റെ ഒന്നാം നിലയിലെത്താനും ടിക്കറ്റ് എടുക്കാനും ട്രെയിൻ എത്തുമ്പോൾ താഴെയിറങ്ങാനുമുള്ള സൗകര്യമുണ്ടാകും. റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാരും തിരിച്ച് പോകുന്ന യാത്രക്കാരും തമ്മിൽ കൂടിച്ചേരാത്ത വിധത്തിലാകും സജ്ജീകരണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ശീതീകരിച്ച ലോഞ്ചുകൾ, ബസ് ബേകൾ, ശുചിമുറികൾ എന്നിവയാണ് ഒരുങ്ങുന്നത്. സുരക്ഷാസംവിധാനങ്ങളും കൂട്ടും. പി. ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു. ഉടൻ പുനർനിർമാണത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ സുന്ദരമാക്കാൻ പദ്ധതിയുമായി ശുചിത്വമിഷനും രംഗത്തുണ്ട്. മാലിന്യമുക്ത നവകേരള ജനകീയ പദ്ധതിയുടെ ഭാഗമായാണ് മോടിപിടിപ്പിക്കൽ. വൃത്തിയും ഭംഗിയുമുള്ള പൊതുഗതാഗത സൗകര്യമൊരുക്കലാണ് ലക്ഷ്യം.
തൃശൂർ റെയിൽവേ സ്റ്റേഷനൊപ്പം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ വികസനപ്രവർത്തനങ്ങളും നടക്കുന്നതോടെ യാത്രക്കാരുടെ പ്രയാസങ്ങൾക്ക് വലിയ ആശ്വാസമാകും.
- പി. കൃഷ്ണകുമാർ
(ജനറൽ സെക്രട്ടറി, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ)