തൃപ്രയാർ: നവംബറിൽ നിർമ്മാണം അവസാനിപ്പിക്കണമെന്ന് ജല അതോറിറ്റി നാട്ടിക ഡിവിഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദ്ദേശം. വിവിധ കുടിവെള്ള പദ്ധതികൾക്കായി തൃപ്രയാർ - ചേർപ്പ് റോഡ്, ചാഴൂർ, അന്തിക്കാട്, താന്ന്യം, നാട്ടിക, അന്തിക്കാട്, തളിക്കുളം, വലപ്പാട് പഞ്ചായത്തുകളിലെ പൊളിച്ചിട്ട ഗ്രാമീണ റോഡുകൾ എന്നിവ നവംബറിൽ പൂർത്തീകരിക്കണമെന്നാണ് ജല അതോറിറ്റി നാട്ടിക പ്രൊജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകിയത്.

കഴിഞ്ഞ നിയമസഭാ സെഷനിൽ സി.സി. മുകുന്ദൻ എം.എൽ.എ വിഷയം കൊണ്ടുവന്നതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരെ മന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് അടിയന്തര യോഗം ചേർന്നത്. നവംബറിൽ നിർമ്മാണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും റോഡ് റെസ്റ്ററേഷൻ പ്രവൃത്തികൾ നടക്കുന്ന സമയത്ത് എക്‌സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ സ്ഥലത്തുണ്ടാകണമെന്നും നിർദ്ദേശം നൽകി.

നാട്ടിക നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾ നേരിട്ട് മോണിറ്ററിംഗ് ചെയ്യുന്നതിനായി ഡെപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. കുടിവെള്ള പദ്ധതികളുടെ ഭാഗമായി 5 വർഷത്തോളമായി ജനങ്ങൾ യാത്രാദുരിതം അനുഭവിക്കുകയാണെന്നും പൈപ്പിടാൻ ഇനിയും റോഡ് പൊളിക്കാൻ അനുവാദം ചോദിച്ച ഉദ്യോഗസ്ഥരോട് ഇപ്പോഴത്തെ പ്രവൃത്തികൾ പൂർത്തീകരിക്കാതെ പൈപ്പിടാൻ റോഡ് പൊളിച്ചാൽ ജല അതോറിറ്റി ഉദ്യോഗസ്ഥരെയും കരാറുകാരെയും ജനകീയമായി നേരിടുമെന്നും സി.സി. മുകുന്ദൻ എം.എൽ.എ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ജല അതോറിറ്റി എം.ഡി, ഡെപ്യൂട്ടി ചീഫ് എൻജിനിയർ, നാട്ടിക പ്രൊജക്ട് ഡിവിഷൻ ഉദ്യോഗസ്ഥർ, നിർമ്മാണം ഏറ്റെടുത്ത വിവിധ കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.