കൊടുങ്ങല്ലൂർ: എടവിലങ്ങിലെ സുകൃതം അഗതി മന്ദിരത്തിലെ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ വാർഡനും നടത്തിപ്പുകാർക്കുമെതിരെയുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നും സ്ഥാപനത്തിന്റെ മറവിൽ നടന്ന ദുരൂഹ ഇടപാടുകളും മറ്റും പുറത്തുകൊണ്ടുവരണമെന്നും എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം. പാവപ്പെട്ട വിദ്യാർത്ഥികളെ വർഷങ്ങളായി വാർഡൻ നിരന്തരം പീഢനത്തിന് ഇരയാക്കിയിട്ടും കഴിഞ്ഞ ദിവസം കുട്ടികൾ ബന്ധുക്കളോട് വെളിപ്പെടുത്തും വരെ വിഷയം ഭാരവാഹികൾ അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ട്. അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഹോസ്റ്റൽ സൗകര്യമുള്ള സർക്കാർ വിദ്യാലയങ്ങളിലേക്ക് അടിയന്തരമായി മാറ്റുകയും കൗൺസലിംഗ് നൽകുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഇ.കെ. സജീവൻ അദ്ധ്യക്ഷനായി. ഇ.കെ. സോമൻ, സി.എ. ഗുഹൻ, പി.കെ. സക്കരിയ, ഇ.എസ്. സുനിൽകുമാർ, പി.വി. അറുമുഖൻ, ഇ.എം. ആന്റണി, ജോസ്മി ടൈറ്റസ്, കെ.ആർ. പരമു തുടങ്ങിയവർ പ്രസംഗിച്ചു.