ചേലക്കര: നായിഡു സമുദായത്തിലെ 400 ലധികം പേർ ബി.ജെ.പിയിൽ ചേർന്നെന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് നായിഡു വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ. നായിഡു സമുദായത്തിന് ജാതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും സർക്കാർ ജോലികൾക്കും വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങളും ലഭിക്കുന്നതിനും 2002ൽ രൂപം കൊണ്ടതാണ് നായിഡു വെൽഫെയർ അസോസിയേഷൻ. 2019ൽ സർക്കാർ നായിഡു വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംവരണങ്ങൾ നൽകുകയും ചെയ്തു. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുമുണ്ട്. നായിഡു സമുദായത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത രണ്ടുപേർ സമുദായത്തിൽ ഉൾപെട്ടതാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഓൺലൈൻ മാദ്ധ്യമത്തിലൂടെ വ്യാജ വാർത്ത പുറത്തുവിട്ടതും പ്രചരിപ്പിച്ചതുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പി ഇതിന് മറുപടി പറയണം. സമുദായത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും സമൂഹമാദ്ധധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്ത പിൻവലിക്കുകയും നിജസ്ഥിതി പുറത്തു കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ നായിഡു വെൽഫെയർ അസോസിയേഷൻ നിയമപരമായി നടപടിയിലേക്ക് നീങ്ങുമെന്നും ഭാരവാഹികളായ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജി. വേണുഗോപാലൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. രാമകൃഷ്ണൻ , കൃഷ്ണകുമാർ, എൽ.ശ്രീദേവി, സി. രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.