തൃശൂർ: യുവതിയിൽ നിന്നും മൊബൈൽഫോൺ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ജനറൽ ആശുപത്രിക്ക് സമീപം യുവതിയെ ദേഹോപദ്രവം ചെയ്ത് ഐ ഫോൺ കവർന്ന കേസിലെ മുഖ്യപ്രതിയായ തൃശൂർ എച്ചിപ്പാറ നഗറിലെ കൂട്ടാല വീട്ടിൽ അനന്തുവിനെയാണ് (23) ഈസ്റ്റ് പൊലീസ് പിടികൂടിയത്.
25 നായിരുന്നു സംഭവം. അന്നേദിവസം രാത്രിയിൽ കണ്ണൂർ സ്വദേശിയായ യുവതിയും കൂട്ടുകാരിയും തൃശൂർ ജനറൽ ആശുപത്രിക്ക് എതിർവശത്തുള്ള തേക്കിൻകാട് മൈതാനത്ത് ഇരിക്കുമ്പോൾ പ്രതികൾ യുവതിയെ ദേഹോപദ്രവം ചെയ്ത് കൈയിലുണ്ടായിരുന്ന ഫോൺ കവരുകയായിരുന്നു. തുടർന്ന് യുവതി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകി.
തുടർന്നുള്ള അന്വേഷണത്തിൽ മറ്റുപ്രതികളായ മുതുവറ സ്വദേശിയായ കരിയംകോട്ട് വീട്ടിൽ സുധീഷ് (43), അമല നഗർ സ്വദേശിയായ നിത്തിനിക്കൽ വീട്ടിൽ ലിജോ മോൻ (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ അനന്തുവിനെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ജിജോ, അസി. സബ് ഇൻസ്‌പെക്ടർ ജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ, വൈശാഖ്, ബിനു, പ്രിയേഷ് എന്നിവരുമുണ്ടായിരുന്നു.