പാലോട്: വാഹന പാർക്കിംഗ്, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കാൻ പാലോട് കുശവുരിൽ പൊലീസ് നേതൃത്വത്തിൽ സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകളോട് നോ പറഞ്ഞ് അനധികൃത പാർക്കിംഗുകാർ. പൊലീസ് മുൻകൈ എടുത്ത് സ്ഥാപിച്ച ബോർഡുകളെ നോക്കുകുത്തിയാക്കിയാണ് പാർക്കിംഗ്. പ്രശ്നം രൂക്ഷമായപ്പോൾ ജംഗ്ഷനിൽ നിരവധി ചർച്ചകൾക്കൊടുവിലാണ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ കടകളിലെ സ്റ്റാഫുകൾ തന്നെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ എല്ലാവരും പാർക്കിംഗ് റോഡിലാക്കി. സ്കൂളുകൾ,കോളേജ്, ഓഫീസ് വിട്ടാലിവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. നടപ്പാത കയ്യേറി തലങ്ങും വിലങ്ങും പാർക്കിംഗ് ആയതോടെ കാൽ നടയാത്രക്കാർ ദുരിതത്തിലായി. പ്രൈവറ്റ് ബസുകാർ യാത്രക്കാരെ ഇറക്കുന്നത് നടുറോഡിൽ വാഹനം നിറുത്തിയാണ്. അനുവദിച്ചിരിക്കുന്ന സ്റ്റാൻഡിലെ ഓട്ടോ, ജീപ്പ് പാർക്കിംഗും തോന്നും പടിയാണ്. ഇതിനെതിരെ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.