pain

നടുവേദനയെന്നു കേട്ടാലുടൻ മുമ്പ് ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഓ! പ്രായമൊക്കെയായി!" അക്കാലം പോയി. ഇപ്പോൾ നടുവേദനയും പ്രായവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. പുതിയ ജീവിതശൈലിയും വ്യായാമ രാഹിത്യവും തൊഴിൽശീലങ്ങളിൽ വന്ന വ്യതിയാനവുമെല്ലാം ചേർന്ന് ചെറുപ്പക്കാരെപ്പോലും വിട്ടുമാറാത്ത നടുവേദനക്കാരാക്കിയിരിക്കുന്നു. ലോകത്ത് പതിമൂന്നിൽ ഒരാൾക്കു വീതം നടുവേദനയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇരുപത്തിയഞ്ചു വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അറുപത് ശതമാനം കൂടുതലാണ് ഇത്.

നടുവേദനെയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള പൊതുബോധം മലയാളികൾക്ക് മികച്ചതാണെങ്കിലും അത്തരം ധാരണകൾ എത്രത്തോളം ശാസ്‌ത്രീയമാണെന്ന സംശയവുമുണ്ട്. വ്യായാമക്കുറവ്,​ ദീർഘനേരം ശരീരം അനങ്ങാതെയുള്ള ഇരിപ്പ്,​ അമിതഭാരം,​ ഉറങ്ങുന്ന രീതി ഇവയൊക്കെ നടുവേദനയ്ക്ക് കാരണമായി മാറാറുണ്ട്. അതുകൊണ്ട് സ്ട്രെച്ചിംഗ് ഉൾപ്പെടെ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മികച്ച അവബോധമുണ്ടാകണം. ശരിയായ സ്വയം പരിചരണത്തിലൂടെ ഒരാൾ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ പറയാം.

 കിടക്കുന്നതും ഇരിക്കുന്നതും നിൽക്കുന്നതും ശരിയായ രീതിയിൽ ശീലിക്കണം. കമിന്നു കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. നിവർന്നും ചരിഞ്ഞും മാറി മാറി കിടക്കാം.

 കട്ടിലിൽ നിന്ന് കൈ കുത്തിയും, കസേരയിൽ നിന്ന് പാദങ്ങളിലേക്ക് ബലം നൽകിയും എഴുന്നേൽക്കുന്നത് നടുവേദന ഉണ്ടാകാതിരിക്കാൻ സഹായിക്കും. നടക്കാൻ കാൽ തറയിൽ ചവിട്ടുമ്പോൾ ഉപ്പൂറ്റി ഊന്നുന്നതും, കാൽ എടുക്കുമ്പോൾ മുൻപാദം അമർത്തുന്നതും ഉറപ്പു വരുത്തണം. ഇതിന് ചെറിയ ചുവടുകൾ വച്ച് ചെരിപ്പ് ഉപയോഗിക്കാതെ അരമണിക്കൂർ സമയം നടക്കുന്നതും നല്ലതാണ്.

 ശരീരത്തിലെ അടിസ്ഥാന ചലനങ്ങളെല്ലാം ജോഡികളായാണ് ചെയ്യാൻ കഴിയുന്നത്. ഇതിന് പേശികൾ സഹായിക്കുന്നു. ഈ പേശികളെ ബലം കൂട്ടാനും, അയ്‌ക്കാനും വ്യയാമമുറകൾ ഉണ്ട്. (Strengthening and Stretching exercises) ചലനങ്ങൾ ജോഡികളായി ചെയ്യുമ്പോൾ ഇടവേളയിൽ വായ് അടച്ച്,​ നാക്ക് താഴ്‌ത്തിപ്പിടിച്ച് മൂക്കിലൂടെ ശ്വാസം പുറത്തേക്കു വിട്ടാൽ വ്യായാമം ഫലപ്രദമായിരിക്കും.

 ഒരേ രീതിയിൽ മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ മുന്നിലേക്കോ പിന്നിലേക്കോ വളഞ്ഞിരിക്കുന്ന രീതി ഒഴിവാക്കണം.

സമൂഹത്തിന്റെ

കടമകൾ

 സ്‌കൂൾ കുട്ടികളുടെ പുസ്‌തക സഞ്ചിയുടെ ഭാരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എൽ.പി തലത്തിലെ കുട്ടികളുടെ മുഴുവൻ പുസ്‌തകങ്ങളും ക്ളാസ് മുറിയിൽ സൂക്ഷിക്കുകയും,​ ആഴ്‌ചയിൽ ഒരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും ചെയ്യുന്ന സംവിധാനം പഠനത്തിലെ സ്ട്രെസ് കുറയ്ക്കും. കുട്ടികൾക്ക് കൂടുതൽ കായിക പരിശീലനത്തിന് അവസരം ലഭിക്കുകയും ചെയ്യും.

 ശരിയായ ശ്വസനരീതി ശീലിക്കുന്നതിന് ശാസ്ത്രീയമായ നീന്തൽ പരിശീലനം സഹായകമാകും. അതിനാൽ കുട്ടികൾ നിർബന്ധമായി നീന്തൽ പഠിച്ചിരിക്കണം. സ്കാറ്റിംഗ്, സ്കിപ്പിംഗ്, സൈക്ളിംഗ് എന്നിവ ശരീരത്തിന്റെ നാഡീസംവിധാനവും അസ്ഥി- പേശി സംവിധാനവും പരസ്‌പരം സുസജ്ജമായി പ്രവർത്തിക്കാൻ സഹായിക്കും.

 ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഓരോരുത്തരുടെയും ശരീരഘടനയ്ക്ക് അനുയോജ്യമല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത് നടുവേദനയ്ക്ക് കാരണമാകാം. ഇരുചക്ര വാഹനം ഉപയോഗിക്കുന്നത് കൈമുട്ടുകൾ നിവർത്തി പിന്നോട്ട് കയറി ഇരുന്നു വേണം.

 അടുക്കളയിൽ മണിക്കൂറുകൾ നിന്നുള്ള ജോലികളും നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. അടുപ്പും മിക്സിയും ഗ്രൈൻഡറുമെല്ലാം ഒരേ ഉയരത്തിൽ ക്രമീകരിക്കുന്നത് സൗകര്യം നല്കുമെങ്കിലും,​ വീട്ടമ്മയുടെ നില്പ് ഒരേ മട്ടിലാകും. കൃത്യമായി വ്യായാമം ചെയ്യാത്തതും നടുവേദനയ്ക്ക് കളമൊരുക്കുന്നു.

(കേരള അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കോ - ഓർഡിനേഷൻ (കെ.എ.പി.സി) പ്ളാനിംഗ് കമ്മിറ്റി അംഗമാണ് ലേഖകൻ. മൊബൈൽ: 94970 09837)​