pannikal

വിതുര: തൊളിക്കോട് പഞ്ചായത്തിലെ ചായം, ആനപ്പെട്ടി വാർഡുകളിൽ കാട്ടുപന്നികളുടെ വിളയാട്ടം മൂലം നാട്ടുകാർ ഭീതിയിലാണ്.പകൽ സമയങ്ങളിലും പ്രദേശത്ത് കാട്ടുപന്നികളെത്തിയതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈക്ക് യാത്രികനെ കാട്ടുപന്നി ഇടിച്ചിട്ടിരുന്നു. മുൻപ് പന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ചായം എട്ടാംകല്ല് ആനപ്പെട്ടി റൂട്ടിലൂടെ വാഹനത്തിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അനവധി പേർ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വിതുര പഞ്ചായത്തിലും സമാനമായ അവസ്ഥയാണ്. കാട്ടുപന്നികൾ മരണം വരെ വിതച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

കൃഷിക്കും നാശം

കൃഷിമേഖല കൂടിയായ ഇവിടെ പകൽ കാട്ടുപന്നികളിറങ്ങി കൃഷിനാശം വിതക്കുന്നതും പതിവാണ്. രാത്രിയിലെ അവസ്ഥ വിവരണാതീതമാണ്. നിലവിൽ കൃഷിനടത്താൻ കഴിയാത്ത അവസ്ഥയാണ്. ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീകളും,തൊഴിലുറപ്പ് തൊഴിലാളികളും നടത്തിയ കൃഷികൾ കാട്ടുപന്നികൾ തകർത്തു. കാട്ടിൽ നിന്നെത്തുന്ന പന്നികൾ റബർതോട്ടങ്ങളിലും മറ്റുമാണ് താവളമുറപ്പിച്ചിരിക്കുന്നത്. വാർഡുകളിലെ മറ്റ് മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. കാട്ടുപന്നിശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നൽകിയ നിവേദനത്തിന് എണ്ണമില്ല. ഉപദ്രവകാരികളായ പന്നിയെ വെടിവച്ചുകൊല്ലാൻ വനംവകുപ്പും പഞ്ചായത്തും തീരുമാനമെടുക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ പന്നിവെടിവയ്പ് നിറുത്തലാക്കി. മാത്രമല്ല കാട്ടുമൃഗശല്യത്തെ തുടർന്ന് കൃഷിനശിച്ചവർക്ക് ധനസഹായം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

പന്നിശല്യം രൂക്ഷമായ മറ്റ് വാർഡുകൾ

തോട്ടുമുക്ക്, പരപ്പാറ, പുളിച്ചാമല, തുരുത്തി, തേവൻപാറ, പനയ്ക്കോട്, ചെട്ടിയാംപാറ, പുളിമൂട്, തൊളിക്കോട്, കണിയാരംകോട്, തച്ചൻകോട്, മലയടി, വിനോബാനികേതൻ.

തൊളിക്കോട് പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കാട്ടുപന്നി ശല്യത്തിന് തടയിടണം. വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണം.

എൻ.ഗോപാലകൃഷ്ണൻ,സി.പി.എം

തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി