
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലെ മുഴുവൻ ഒഴിവുകളും നേരിട്ടുള്ള നിയമനത്തിനായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗാർത്ഥികൾ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ലബോറട്ടറി പരിശോധനകൾ കുറയുന്നതായി ആക്ഷേപമുയർന്നിട്ടും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. ഒഴിവുകളിലേക്ക് ചട്ട വിരുദ്ധമായി ബൈ ട്രാൻസ്ഫർ നിയമനം നടത്താൻ ശ്രമം നടക്കുന്നതായും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലെ 9 ഒഴിവുകളാണ് ബോർഡിലെ ഉദ്യോഗസ്ഥർ പൂഴ്ത്തി വച്ചിരിക്കുന്നത്. പിഎസ്.സി.ക്ക് നേരിട്ടുള്ള നിയമനത്തിനായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ബൈ ട്രാൻസ്ഫർ നിയമനം സാധിക്കില്ലെന്ന് ബോർഡിന്റെ സ്പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചട്ടവിരുദ്ധമായ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം.
മലിനീകരണ നിയന്ത്രണ ബോർഡിൽ നൂറിലധികം സയന്റിഫിക് അസിസ്റ്റന്റ് തസ്തികകൾ ആവശ്യമാണെന്ന് 2013 ൽ ഐ.എം.ജി (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്) നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ 45 തസ്തികകൾ മാത്രമാണ് ബോർഡ് അനുവദിച്ചത്. 68 അസിസ്റ്റന്റ് എൻജിനിയർ തസ്തികകൾ വേണമെന്ന് ഐ.എം.ജി ശുപാർശ ചെയ്തപ്പോൾ 51 എണ്ണം ബോർഡ് സൃഷ്ടിച്ചു. 72 ജെ.എസ്.എ (ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്) തസ്തികകൾ വേണമെന്ന ശുപാർശയിൽ 8 എണ്ണം മാത്രമാണ് സൃഷ്ടിച്ചതെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.