വിതുര: ഒരിടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും പകർച്ചപ്പനിയുടെ താണ്ഡവം. കടുത്ത പനി, ജലദോഷം, ചുമ, തുമ്മൽ, തലവേദന, ശ്വാസംമുട്ടൽ, ശരീരദേവദ എന്നീ അസുഖങ്ങളാണ് പടരുന്നത്. വിതുര ആശുപത്രിയിൽ ദിവസവും അനവധി പേർ ചികിത്സ തേടിയെത്തുന്നുണ്ട്. കടുത്ത പനി ബാധിച്ച അനവധിപേർ തിരുവനന്തപുരം മെഡിക്കൽകോളേജിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സ്വകാര്യആശുപത്രികളിലെ അവസ്ഥയും വിഭിന്നമല്ല.ഹോമിയോ,ആയുർവേദ ആശുപത്രികളിലും പനിബാധിതരുടെ തിരക്കുണ്ട്.
അരുവിക്കര മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പനി നിറഞ്ഞിട്ടുണ്ട്.
വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രി, തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രം, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിൽ രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്.
ആദിവാസി ഊരുകളിലും തോട്ടം മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല.
മഴ കനത്തതോടെ ആദിവാസി കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. ആദിവാസി,തോട്ടം മേഖലകളിൽ സൗജന്യറേഷൻ നൽകണമെന്നും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
വിതുര ആശുപത്രി ശോച്യാവസ്ഥയിൽ
വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരമായിട്ടില്ല. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി പ്രവർത്തിച്ചിരുന്ന ആശുപത്രിയെ ഒമ്പത് വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തി.എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ മതിയായ സ്റ്റാഫുകളെ നിയമിക്കുകയോ ചെയ്തില്ല. ഇതിനിടയിൽ ആശുപത്രിയുടെ നിയന്ത്രണം ജില്ലാപഞ്ചായത്ത് ഏറ്റെടുത്തു.
പുതിയ മന്ദിരം നിർമ്മിക്കുവാൻ ഫണ്ട് അനുവദിച്ചെങ്കിലും അഞ്ച് വർഷമായിട്ടും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും അനവധി തവണ സമരങ്ങൾ നടത്തി. കഴിഞ്ഞ വർഷം ആരോഗ്യമന്ത്രി വീണാജോർജ് ആശുപത്രിയിൽ മിന്നൽസന്ദർശനം നടത്തിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമാക്കുമെന്നും വേണ്ടത്ര ഡോക്ടർമാരെയും സ്റ്റാഫുകളേയും നിയമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
കുട്ടികൾക്കിടയിലും പനി
കുട്ടികൾക്കിടയിലും പനിയും മറ്റ് രോഗങ്ങളും പടരുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ സ്കൂളുകളിൽ ഹാജർനില കുറഞ്ഞിട്ടുണ്ട്. നേരത്തേ കുട്ടികൾക്കിടയിൽ ചിക്കൻപോക്സും തക്കാളിപ്പനിയും വ്യാപിച്ചിരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനംകൊണ്ടാണ് രോഗം വ്യാപിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.രണ്ട് മാസംമുൻപ് മലയോരമേഖലയിൽ പനിയും ചിക്കൻപോക്സും പടർന്നുപിടിച്ചിരുന്നു. ആരോഗ്യവകുപ്പ് ശക്തമായി പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയതോടെ രോഗം നിയന്ത്രണ വിധേയമാകുകയായിരുന്നു.