
തിരുവനന്തപുരം: പങ്കെടുത്ത കായിക മത്സരങ്ങളിലൊന്നും മെഡൽ നേടാതെ ലീല മടങ്ങിയിട്ടില്ല. 1998 മുതൽ ദേശീയ, അന്തർദ്ദേശീയ വെറ്ററൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന നേമം പ്രാവച്ചമ്പലം സ്വദേശിനി ലീലയുടെ പേരിൽ 250ലധികം മെഡലുകളും സർട്ടിഫിക്കറ്റുകളുമുണ്ട്. എന്നാൽ ലീലയുടെ സങ്കടം ഇതെല്ലാം സൂക്ഷിക്കാൻ അടച്ചുറപ്പുള്ളൊരു വീടില്ല എന്നതാണ്. കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണ് ഈ വെറ്ററൻ താരം. പങ്കെടുക്കുന്ന മത്സരങ്ങൾ സംസ്ഥാനമോ ദേശീയമോ അന്തർദ്ദേശിയമോ എന്ന് ലീല നോക്കാറില്ല. ലഭിക്കുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തും. സ്കൂൾ തലം മുതൽ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പി.ടി.ഉഷ, ഷൈനി വിൽസൺ തുടങ്ങിയവരോടൊപ്പം സംസ്ഥാനതലത്തിൽ മത്സരിച്ചു. സാമ്പത്തിക ഞെരുക്കത്താൽ ഒമ്പതാം ക്ളാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. കായികമോഹം എന്നും മനസിലുണ്ടായിരുന്നെങ്കിലും അവസരങ്ങൾ ലഭിച്ചിരുന്നില്ല. 1993ൽ സ്പോർട്സ് കൗൺസിൽ പാർട്ട് ടൈം ജീവനക്കാരിയായ ശേഷം 1998 മുതൽ വെറ്ററൻ മത്സരങ്ങളിലൂടെ കായികരംഗത്തേക്ക് തിരിച്ചെത്തി. 100 മീറ്റർ ഓട്ടം, ഹർഡിൽസ്, ട്രിപ്പിൾജമ്പ്, ഹൈജമ്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇന്ത്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നടന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ഇനത്തിലും സമ്മാനം നേടി. നാളിതുവരെ എത്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ലീലയ്ക്ക് തന്നെ അറിയില്ല. അവസാനമായി പങ്കെടുത്തത് മേയിൽ അയോദ്ധ്യയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ്. പങ്കെടുത്ത രണ്ട് ഇവന്റുകളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പി.എഫിൽ നിന്നുള്ള വായ്പയും സൊസൈറ്റിയിൽ നിന്നുള്ള ലോണുമാണ് യാത്രാചെലവിനുള്ള ഏക വഴി. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് വീട് അനുവദിച്ചെങ്കിലും അയൽവാസിയുമായുള്ള വസ്തു തർക്കത്താൽ പണി തുടങ്ങാനായില്ല. 2025ൽ ഇന്തോനേഷ്യയിൽ നടക്കുന്ന 23-ാമത് ഏഷ്യാ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലീല.
കഴിയുന്ന കാലം വരെ മത്സരങ്ങളിൽ പങ്കെടുക്കും. ഓരോ മത്സരവും നൽകുന്ന സന്തോഷം പറഞ്ഞറിയിക്കുന്നതിലും വലുതാണ്.
പി.ലീല